ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ചിന്നാര്‍ എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഏലിയാസ്, സല്‍മാന്‍, സാഹിദ് മോന്‍ എന്നിവരാണ് പിടിയിലായവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍ വശത്തെ സീറ്റിനടിയില്‍ കറുത്ത ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

തമിഴ്നാട്ടിലെ ഒട്ടന്‍ചത്രത്തില്‍ നിന്ന് 10,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്നും കൊച്ചിയിലെത്തിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ പറഞ്ഞു . തുടര്‍ പഠനത്തിന് പണം കണ്ടെത്താനാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. പ്രതികള്‍ നേരത്തെയും കഞ്ചാവ് കടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍പി സുധീപ് കുമാര്‍ പറഞ്ഞു.

ഇവരുടെ കാര്‍ എക്സൈസ് സഘം കസ്റ്റഡിയിലെടുത്തു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.