ധനകമ്മി ഉയരുന്നതിന് പിന്നാലെ രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ഇടിയുന്നു. ചരക്ക് കയറ്റുമതി ഒന്‍പത് മാസത്തെ ഏറ്റവും കുറവിലെത്തിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍. ഇറക്കുമതി കുറഞ്ഞ് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അമേരിക്ക-ചൈന വ്യാപര തര്‍ക്കം ഇന്ത്യയേയും ബാധിക്കുന്നുമൈന്ന് സംശയം.

വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ചരക്ക് കയറ്റുമതി 9.71 ശതമാനം ഇടിഞ്ഞ് 25.01 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതിയും 9.06 ശതമാനം ഇടിഞ്ഞ് 40.29 ബില്യണ്‍ ഡോളറിലെത്തി. വ്യാപര കമ്മി 15.28 ബില്യണ്‍ ഡോളറായിരുന്നു. ഒ.എന്‍.ജി.സിയുടെ മംഗലാപുരം പെട്രോകെമ്മിക്കല്‍ ലിമിറ്റഡ് താത്കാലികമായി അടച്ചിട്ടത് കയറ്റുമതിയെ ബാധിച്ചുവെന്ന് വാണിജ്യസെക്രട്ടറി അനുപ് വാധ്വാന്‍ അറിയിച്ചു.

ബജറ്റില്‍ സ്വര്‍ണ്ണത്തിനും രത്നങ്ങള്‍ക്കും നികുതി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ഇവയുടെ കയറ്റുമതി കുറഞ്ഞു. 10.7 ശതമാനം മാത്രമാണ് നിലവില്‍ സ്വര്‍ണ്ണത്തിന്റേയും വസ്ത്രങ്ങളുടേയും കയറ്റുമതി.രാസവസ്തുക്കള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ കയറ്റുമതി ആശങ്കാജനകമാം വിധം മൈനസ് 2.65 ശതമാനമായി കുറഞ്ഞു.അമേരിക്ക-ചൈന വ്യാപര തര്‍ക്കം ഇന്ത്യയെ ബാധിച്ചുവെന്ന് സംശയിക്കുന്നതായി വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു. നെഗറ്റീവ് വളര്‍ച്ചയില്‍ വരും മാസങ്ങളില്‍ മാറ്റം വരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.