
ഉംറക്കായി എത്തുന്നവര്‍ക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങള്‍ക്ക് പുറമേ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വിലക്ക് ഇതോടെ അസാധുവായി. ഉംറക്കായെത്തുന്ന ഏത് തീര്‍ഥാടകനും ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം.
നേരത്തെ പ്രത്യേക ടൂറിസം വിസയായി ഉംറ വിസ പരിവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു. 1983 ഒക്ടോബര്‍ ഏഴിനാണ് ഉംറ തീര്‍ഥാടകര്‍ക്ക് പുണ്യ നഗരങ്ങള്‍ക്കും വിമാനത്താവളവും തുറമുഖവും നിലകൊള്ളുന്ന ജിദ്ദക്കും പുറമേയുള്ള ഭാഗങ്ങളിലേക്ക് വിലക്ക് വന്നത്. ഉംറക്കായി സൌദിയിലെത്തുന്നവര്‍ നാട്ടിലേക്ക് മടങ്ങാതെ വിവിധ ജോലികളില്‍ അനധികൃതമായി തങ്ങിയ സാഹചര്യത്തില്‍ കൂടിയായിരുന്നു അക്കാലത്ത് തീരുമാനത്തിന് കാരണമായത്.
എന്നാല്‍ ഇന്ന് സൗദിയില്‍ മക്കയിലും മദീനയിലുമെത്തുന്നവര്‍ക്ക് ഇതര നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കുന്ന ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു.എന്നാല്‍ ഉംറക്കാര്‍ക്കുള്ള മറ്റു നിബന്ധനകള്‍ അപ്പടി തുടരും. അനധികൃതമായി തങ്ങിയാല്‍ സൗദിയിലേക്ക് വിലക്കേര്‍പ്പെടുത്തി നാടുകടത്തും. ഇവരെ അനധികൃതമായി പാര്‍പ്പിക്കുന്നവര്‍ക്കും സമാനമാണ് ശിക്ഷ. എപ്രില്‍ 23ന് ഉംറക്കാര്‍ക്കുള്ള ഇതര നഗര വിലക്ക് നീക്കാന്‍ ശൂറാ കൌണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
Comments