കൊല്ലം നീണ്ടകര ദേശീയപാതയില്‍ 66ല്‍ രണ്ട് പുതിയപാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനം. ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയപാലങ്ങള്‍ക്കുള്ള സ്ഥലമെടുപ്പ് ആരംഭിച്ചു. പുതിയപാലം നിര്‍മിക്കുന്നതോടെ നാലര പതിറ്റാണ്ടിലധികം പഴക്കമുള്ള പഴയപാലം പൊളിച്ചുനീക്കാനും തീരുമാനം.

ഇത് നീണ്ടകരയിലെ പഴയ തടിപ്പാലം അര നൂറ്റാണ്ട് പിന്നിടുമ്പോഴാണ് ദേശീയപാത 66ലെ ഈ പാലം വീതി കൂട്ടാന്‍ പോകുന്നത്. 1972ല്‍ നാടിനു സമര്‍പ്പിച്ച പാലത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയപാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 80 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം.

നിലവിലെ പാലത്തിന് ഇരുവശത്തുമായി 45 മീറ്റര്‍ വീതം സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. സ്ഥലം അളന്നുതിട്ടപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 21 ദിവസത്തിനുള്ളില്‍ ഉടമകള്‍ക്ക് പരാതികള്‍ നല്‍കാം. പരാതികള്‍ പരിശോധിച്ച് സ്ഥലം ഏറ്റെടുത്താലുടന്‍ പാലം നിര്‍മാണം ആരംഭിക്കും. അരക്കിലോമീറ്റര്‍ നീളത്തിലാകും പുതിയ പാലത്തിന്റെ നിര്‍മാണം.

അറേബ്യന്‍ കടലിന്റേയും അഷ്ടമുടികായലിന്റേയും സംഗമ ഭൂമിയിലാണ് നീണ്ടകര പാലം നിര്‍മ്മിച്ചത്. കാലപ്പഴക്കത്താല്‍ നിലവിലെ പാലത്തിനു ബലക്ഷയം സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. പൂതിയപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ നിലവിലെ പാലത്തിലൂടെ യാത്ര തുടരും. ഹാര്‍ബറിനോട് ചേര്‍ന്ന് ആദ്യപാലം നിര്‍മിച്ച് സഞ്ചാരത്തിനായി തുറന്നുകൊടുക്കും. അതിനു ശേഷമേ നിലവിലെ പാലം പൊളിക്കു. നീണ്ടകരയില്‍ തന്നെയാണ് പുതിയ പാലം നിര്‍മിക്കുക.