കോട്ടയം – ചിങ്ങവനം റൂട്ടിലെ റെയില്‍പാത ഇരട്ടിപ്പിക്കല്‍ ഇനിയും വൈകും. പുതുതായി നിര്‍മ്മിക്കേണ്ട പാലങ്ങളുടെയും കലുങ്കുകളുടെയും നിര്‍മ്മാണവും ടെന്‍ഡര്‍ നടപടികളും ഇഴയുന്നു. ഇതോടെ സമയബന്ധിതമായി പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാവാത്ത സ്ഥിതിയാണുള്ളത്.

കോട്ടയം – ചിങ്ങവനം റെയില്‍ പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുത്ത് കൈമാറുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കിയെങ്കിലും പാക്കില്‍, മുട്ടമ്പലം എന്നിവിടങ്ങളിലെ ഇടുങ്ങിയ പാലങ്ങള്‍ പൊളിച്ച് നിര്‍മ്മിക്കുന്നതിന്റെ റെയില്‍വെ ടെണ്ടര്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ചിങ്ങവനം റെയില്‍വെ സ്റ്റേഷന് സമീപത്തെ ചാന്നാനിക്കാട് പാലം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങളെടുക്കും. ഒച്ചിഴയും വേഗത്തിലാണ് ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

മുട്ടമ്പലം മുതല്‍ ചിങ്ങവനം വരെ നിര്‍മ്മിക്കേണ്ട 18 കലുങ്കുകളില്‍ 5 മീറ്റര്‍ കൂടുതല്‍ വീതിയില്‍ നിര്‍മ്മിക്കേണ്ടവ ഇനിയും ടെന്‍ഡര്‍ ചെയ്തില്ല. രണ്ടാം പാതയിലെ അടിത്തറ ബലപ്പെടുത്തലും തുടങ്ങിയിട്ടില്ല. കഞ്ഞിക്കുഴി മേല്‍പ്പാലം സെപ്തംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കിയ ശേഷമെ റബര്‍ ബോര്‍ഡിന് സമീപത്തെ പാലം പൊളിക്കാന്‍ സാധിക്കുകയുള്ളു. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്തെ പാലം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായത്.