കര്‍ണാടകം : സുപ്രീംകോടതി വിധി ഇന്ന് ; സ്പീക്കറുടെ വിശാല അധികാരം പരിശോധിക്കേണ്ട സാഹചര്യമെന്ന് ചീഫ്ജസ്റ്റിസ്

കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയും അയോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന്‌ പകല്‍ 10.30ന് വിധി പറയും. 15 വിമത എംഎല്‍എമാരുടെയും സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാറിന്റെയും ഹര്‍ജികളില്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വാദം പൂര്‍ത്തിയാക്കി. വിമതര്‍ക്കെതിരെ അയോഗ്യതാ നടപടി തുടങ്ങിയ സാഹചര്യത്തില്‍, രാജിക്കത്തുകളില്‍ തീരുമാനം എടുക്കാന്‍ സ്പീക്കറോട് ഉത്തരവിടാന്‍ കോടതിക്ക് കഴിയുമോയെന്നതിലാണ് ചൊവ്വാഴ്ച പ്രധാനമായും വാദം നടന്നത്.

കൂറുമാറ്റനിരോധന നിയമവുമായി ബന്ധപ്പെട്ട് സ്പീക്കര്‍മാര്‍ക്ക് സുപ്രീംകോടതി അധികാരം നല്‍കിയിട്ടുണ്ട്. അത് വിശദമായി പരിശോധിക്കേണ്ട സാഹചര്യമാണിതെന്ന് ചീഫ്ജസ്റ്റിസ് നിരീക്ഷിച്ചു.കോണ്‍ഗ്രസ്-ജെഡിയു സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച സഭയില്‍ വിശ്വാസവോട്ടുതേടും. എംഎല്‍എമാരുടെ രാജിസംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ ആശ്രയിച്ചിരിക്കും കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി.

ജൂലൈ 11ന് എംഎല്‍എമാര്‍ സ്പീക്കര്‍ മുമ്പാകെ നേരിട്ട് ഹാജരായിട്ടും രാജിയില്‍ തീരുമാനം വൈകിയത് എന്തുകൊണ്ടാണെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു. എംഎല്‍എമാരുടെ രാജിക്കത്തുകളിലും അവര്‍ക്ക് എതിരായ അയോഗ്യതാനടപടികളിലും സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് നിര്‍ദേശിക്കാനാകില്ല. സ്പീക്കറുടെ അധികാരം ചോദ്യംചെയ്യാന്‍ കോടതിക്ക് ഭരണഘടനാപരമായ അധികാരം ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാല്‍, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹം കാലതാമസം വരുത്തുന്നത് ന്യായീകരിക്കാനാകില്ല-ചീഫ് ജസ്റ്റിസ് പറഞ്ഞു. തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ് പിന്‍വലിച്ചാല്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് സ്പീക്കര്‍ക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി പ്രതികരിച്ചു. വിമതരുടെ രാജി ബിജെപിയില്‍ ചേരാനാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും ഹാജരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News