എസ്എഫ്‌ഐ കൊലപ്പെടുത്തിയ ഒരാളുടെയെങ്കിലും പേര് വ്യക്തമാക്കാമോ? എകെ ആന്റണിയെ വെല്ലുവിളിച്ച് വി.പി സാനു

തിരുവനന്തപുരം: ഏറ്റവുമധികം ആളുകളെ കൊല ചെയ്ത വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐയാണെന്ന എകെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ വി.പി സാനു.

വി.പി സാനുവിന്റെ വാക്കുകള്‍:

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയത് എസ്.എഫ്.ഐ. ആണെന്ന് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായ എ.കെ.ആന്റണി ഇന്ന് പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി. എസ്.എഫ്.ഐ കൊലപ്പെടുത്തിയ ഒരാളുടെയെങ്കിലും പേര് വ്യക്തമാക്കാന്‍ കഴിയുമോ എന്ന് അദ്ദഹത്തെ വെല്ലുവിളിക്കുകയാണ്.

കേരളത്തില്‍ വിദ്യാര്‍ഥികളെയുപയോഗിച്ച് ഏറ്റവും കൂടുതല്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട 1957-59 കാലഘട്ടത്തില്‍, വിമോചന സമരകാലത്ത്, അത്തരം നശീകരണം മാത്രം സംഘടനാപ്രവര്‍ത്തനമായി കണ്ട പ്രസ്ഥാനത്തിന്റെ പേരാണ് കെ.എസ്.യു. ആ പ്രസ്ഥാനത്തിന് അക്കാലത്ത് നേതൃത്വം കൊടുത്തിരുന്ന വ്യക്തിയുടെ പേരാണ് എ.കെ.ആന്റണി.

അതേ വ്യക്തി തന്നെയാണ് കേരളത്തിലെ കലാലയങ്ങള്‍ അക്രമത്തിന്റെ പര്യായമായ കെ.എസ്.യുവിനെ പടിക്കുപുറത്താക്കി പകരം സര്‍ഗാത്മകതയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയം പറഞ്ഞ എസ്.എഫ്.ഐ.യെ ഹൃദയപക്ഷമായി സ്വീകരിച്ച കാലത്ത് വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കുന്നതിന് വേണ്ടിയിട്ടുള്ള നീക്കങ്ങള്‍ നടത്തിയത്. അതുകൊണ്ടൊന്നും എസ്.എഫ്.ഐയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. തല്ലിക്കെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ ആളിപ്പടരുകയായിരുന്നു ഈ പ്രസ്ഥാനം.

കേരളം ഒന്നടങ്കം വിറങ്ങലിച്ചുനിന്ന, ഒരു മനസായി കണ്ണീരൊഴുക്കിയ നാളുകളില്‍, സഖാവ് അഭിമന്യു കൊലചെയ്യപ്പെട്ടതിനു ശേഷമുള്ള ദിവസങ്ങളില്‍ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി എ.കെ.ആന്റണി വന്നതു നാം കണ്ടതാണ്. അദ്ദേഹം കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു.

അദ്ദേഹത്തിന്റെ എല്ലാ അധികാരവുമുപയോഗിച്ച് ലഭിക്കുന്ന ഏതെങ്കിലും തെളിവു വെച്ച് ഈ രാജ്യത്തില്‍ ഒരാളുടെയെങ്കിലും ജീവന്‍ എസ്.എഫ്.ഐ എടുത്തു എന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ അദ്ദേഹം അത് തെളിയിക്കണമെന്നു ഒരിക്കല്‍ക്കൂടി വെല്ലുവിളിക്കുകയാണ്.

അല്ലാതെ എസ്.എഫ്.ഐ.യെ എങ്ങനെയെങ്കിലും തീര്‍ത്തുകളയണമെന്ന ഒറ്റ ലക്ഷ്യവുമായി പച്ചവെള്ളം തൊടാത്ത കള്ളങ്ങള്‍ മാത്രം ബോധപൂര്‍വം പടച്ചുണ്ടാക്കി ആത്മരതി കൊള്ളുന്ന വലതുപക്ഷമാധ്യമനുണയര്‍ക്ക് നാളത്തെ ദിവസം കോളം നിറയ്ക്കാനുള്ള വിഭവം വിളമ്പുന്ന കയില് മാത്രമായി അദ്ദേഹത്തെപ്പോലൊരാള്‍ തരംതാഴരുത്. പഠിച്ചുവളര്‍ന്ന കെ.എസ്.യു. രാഷ്ട്രീയത്തിന്റെ അപക്വതയില്‍ നിന്ന് അല്പമെങ്കിലും വളരാന്‍ ശ്രമിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here