ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരെ കുറ്റപ്പെടുത്തി ഐ സി സിയുടെ വിശദീകരണം. ഐ.സി.സി നിയമാവലി അനുസരിച്ച് അമ്പയര്‍മാരാണ് കളിക്കളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ നയമനുസരിച്ച് ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും ഐ.സി.സി വക്താവ് ഫോക്സ് സ്പോര്‍ട്സിനോട് പറഞ്ഞു. ഫൈനലിലെ അവസാന ഓവറിലായിരുന്നു ഓവര്‍ത്രോ വിവാദം. ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടക്കുകയായിരുന്നു.

ഐ.സി.സി നിയമപ്രകാരം അഞ്ചു റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത്. പക്ഷേ അമ്പയര്‍ കുമാര്‍ ധര്‍മസേന ഈ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് അനുവദിക്കുകയായിരുന്നു. മത്സരം ടൈയിലേക്കും സൂപ്പര്‍ ഓവറിലേക്കും തുടര്‍ന്ന് കൂടുതല്‍ ബൗണ്ടറിയടിച്ച ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് വിജയിച്ചതായി പ്രഖ്യാപിക്കാനിടയാക്കിയതും ഈ തെറ്റായ തീരുമാനമായിരുന്നു.

ഫൈനലില്‍ സൂപ്പര്‍ ഓവര്‍ നിയമം കര്‍ശനമായി നടപ്പാക്കിയ അമ്പയര്‍മാര്‍ ഐ സി സിയുടെ ഓവര്‍ത്രോ നിയമം കണക്കിലെടുക്കാത്തതിനെക്കുറിച്ച് വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഓവര്‍ ത്രോയെക്കുറിച്ച് ഐ.സി.സിയുടെ 19.8 നിയമത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഫീല്‍ഡറുടെ ഓവര്‍ ത്രോയില്‍ പന്ത് ബൗണ്ടറി ലൈന്‍ കടക്കുകയാണെങ്കില്‍ ആ ബൗണ്ടറി റണ്‍സ് അനുവദിക്കും. എന്നാല്‍ ആ ബൗണ്ടറിയോടൊപ്പം ഫീല്‍ഡര്‍ പന്ത് എറിയുമ്പോള്‍ ബാറ്റ്സ്മാന്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍സ് മാത്രമാണ് അനുവദിക്കുക. ആ ത്രോയുടെ സമയത്ത് ബാറ്റ്സ്മാന്‍ ക്രീസിലെത്തിയില്ലെങ്കില്‍ ആ റണ്‍ പരിഗണിക്കുകയില്ല.’ ഐ.സി.സി അമ്പയര്‍മാരുടെ എലൈറ്റ് പാനലില്‍ അംഗമായിരുന്ന സൈമണ്‍ ടോഫലും ഇന്ത്യന്‍ അമ്പയര്‍മാരായിരുന്ന കെ എന്‍ രാഘവനും ഹരിഹരനും പല മുതിര്‍ന്ന താരങ്ങളും ഈ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐ സി സിയുടെ വിശദീകരണം.