അല്‍ദായേന്‍ നാവിക താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

തീരദേശ അതിര്‍ത്തി സുരക്ഷയില്‍ വന്‍കുതിച്ചുചാട്ടം നടത്തി ഖത്തര്‍.സിമൈസ്മയിലെ അല്‍ ദായേനില്‍ തീരദേശ അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ പുതിയ നേവല്‍ബേസ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി രാജ്യത്തിന് സമര്‍പ്പിച്ചു.

വടക്കന്‍ ഖത്തറിലെ സിമൈസ്മ പ്രദേശത്താണ് തീരദേശ അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ പുതിയ നേവല്‍ബേസ് ഉള്ളത്. കടലിന് അഭിമുഖമായി ഉയര്‍ത്തിയ മനോഹരകെട്ടിടത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിരവധി രാജ്യങ്ങളിലെ അംബാസഡര്‍മാരും മറ്റ് പ്രമുഖരും പങ്കെടുത്തു. നാവിക വിഭാഗത്തിലേക്ക് ചേര്‍ത്ത പുതിയ ബോട്ടുകള്‍ പ്രധാനമന്ത്രി നീറ്റിലിറക്കി.

തീരദേശ അതിര്‍ത്തി സുരക്ഷാ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് കേണല്‍ അബ്ദുല്‍ അസീസ് അലി അല്‍ മുഹന്നദി, പൊതുസുരക്ഷാ ഡയറക്ടര്‍ സ്റ്റാഫ് മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫി തുടങ്ങിയവര്‍ സംസാരിച്ചു. 1951 മുതലുള്ള തീരദേശ അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ ചരിത്രം പറയുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. തീരദേശ അതിര്‍ത്തി സുരക്ഷാസേനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

അല്‍ ദായേന്‍ നേവല്‍ ബേസ് 6,39,800 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അതില്‍ 1,43,164 ചതുരശ്ര മീറ്ററിലായാണ് 25 കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്. സ്‌പോര്‍ട്‌സ് ജിംനേഷ്യം, രണ്ട് ഒളിംപിക് സിമ്മിംഗ് പൂളുകള്‍, മൂന്ന് കളിക്കളങ്ങള്‍, അടച്ചുറപ്പുള്ള ഷൂട്ടിംഗ് റേഞ്ച് എന്നിവയുള്ള പുതിയ കേന്ദ്രത്തില്‍ മെഡിക്കല്‍ ക്ലിനിക്ക്, സിവില്‍ ഡിഫന്‍സ് ഓഫിസ്, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങള്‍, നിര്‍മാണ നിര്‍വഹണ പ്ലാന്റുകള്‍, ഓപറേഷന്‍സ് മുറികള്‍, തുറമുഖം, നാവിക പരിശീലന കേന്ദ്രം, ആയുധ ഡിപ്പോ എന്നിവയുമുണ്ട്. 150 കിടക്കകളോടു കൂടിയ ഓഫിസര്‍മാരുടെ താമസ കേന്ദ്രം, മറ്റു റാങ്കുകളിലുള്ളവര്‍ക്ക് 1600 കിടക്ക സൗകര്യങ്ങള്‍, അമ്പത് മുറികളോടെയും 25 സ്യൂട്ടുകളോടും കൂടിയ ഹോട്ടല്‍, ബിസിനസ് സെന്റര്‍, പള്ളി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ കടല്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ തടയുകയെന്നതും പ്രധാന ലക്ഷ്യമാണ്. ഖത്തറിന്റെ സമുദ്രാതിര്‍ത്തിയില്‍ കൃത്യമായ പട്രോളിംഗ് നടത്തുന്ന സേന , ജലാതിര്‍ത്തി ലംഘനം നിരീക്ഷിക്കും. മാത്രമല്ല രാജ്യത്ത് നിരോധിച്ച ഉത്പന്നങ്ങള്‍ കടല്‍വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമങ്ങളും നിയമലംഘനങ്ങളും തടയും.

ഇതുകൂടാതെ കടല്‍ മലിനീകരിക്കുന്നതിനെതിരെ അതാത് വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങളും നടത്തും. പുതുതായി നാവിക വിഭാഗത്തില്‍ ചേര്‍ത്ത ബോട്ടുകളില്‍ 48 മീറ്റര്‍ നീളമുള്ളവയുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സമുദ്ര യാനങ്ങളായി കരുതപ്പെടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ഇത്തരം ബോട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here