എസ്എഫ്ഐക്കെതിരെ നുണപ്രചരണം നടത്തിയ എകെ ആന്റണിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.

എഎ റഹീമിന്റെ മറുപടി:

ശ്രീ എകെ ആന്റണി,
ചേര്‍ത്തലയിലെ തറവാട്ട് വീട്ടില്‍ നിന്നും താങ്കള്‍ രാഷ്ട്രീയ യാത്ര തുടങ്ങിയതും വളര്‍ന്നതും ഇന്ന്, ഏറെക്കുറെ അനാഥമായ കോണ്‍ഗ്രസ്സ് ആസ്ഥാനത്തെ അന്തേവാസിയായതും കെഎസ്യുവിന്റെ കൊടിക്കീഴില്‍ നിന്നായിരുന്നു.

ഓര്‍മയില്ലേ താങ്കള്‍ക്ക്,
അന്നൊക്കെ ആ സംഘടനയുടെ ശക്തി എത്രമാത്രമുണ്ടായിരുന്നു? കെഎസ്യു ജയിക്കാത്ത ഒരു കോളേജ് എങ്കിലും താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ?സര്‍വകലാശാലാ യൂണിയനുകള്‍, സെനറ്റ്, സിന്‍ഡിക്കേറ്റ്… എവിടെയും കെഎസ്യു മാത്രം. ആ കെഎസ്യു വിനെ ക്യാംപസുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ആട്ടിപ്പുറത്താക്കി.

ക്യാമ്പസുകള്‍ തിരസ്‌കരിച്ച കെഎസ്യു കലാലയ ഇടനാഴികളിലെ തലയെടുപ്പില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കളുടെ വീട്ടുജോലിക്കാരന്റെ റോളിലൊതുങ്ങി. താങ്കള്‍ ഉള്‍പ്പെടെയുള്ള കെഎസ്യു നേതാക്കള്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി കുഴിച്ചു മൂടാനിറങ്ങിയ എസ്എഫ്‌ഐ ഒരു മഹാ വൃക്ഷമായി വളര്‍ന്നു. കെഎസ്യുവും വര്‍ഗീയ കോമരങ്ങളും ആയുധം കൊണ്ട് ഇല്ലാതാക്കാന്‍ നോക്കിയിട്ടും വളര്‍ന്നു വലുതായ മഹാവൃക്ഷമായി എസ്എഫ്‌ഐ. അതിന്റെ ചുവട്ടില്‍ നിന്നും ഇതുപോലെ ഉറക്കെ കൂകിയാല്‍ കുലുങ്ങി നിലംപൊത്തി വീഴില്ല എസ്എഫ്‌ഐ.

അന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ എസ്എഫ്‌ഐക്ക് നഷ്ടപ്പെട്ടത് ദേവപാലന്‍ മുതല്‍ അഭിമന്യു വരെ മുപ്പത്തി മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവനായിയുന്നു. കിടക്കകളിലും വീല്‍ചെയറുകളിലും ജീവിക്കുന്ന രക്തസാക്ഷികളായവര്‍ അതിലുമേറെ.

ആദ്യമായി ക്യാംപസില്‍ ഒരുവിദ്യാര്‍ത്ഥി കൊല ചെയ്യപ്പെട്ടത് 1974 ല്‍ തലശ്ശേരി ബ്രണ്ണനിലെ എസ്എഫ്‌ഐ നേതാവ് അഷ്റഫ് ആയിരുന്നു. കൊന്നത് താങ്കളുടെ സ്വന്തം കെഎസ്യു. പിന്നെ എത്ര എത്ര വിദ്യാര്‍ഥികളുടെ ജീവനെടുത്തു സാര്‍ നിങ്ങളുടെ കെഎസ്യു?, മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 1977 ഡിസംബര്‍ 7നു പന്തളം എന്‍എസ്എസ്‌കോളേജ് വിദ്യാര്‍ത്ഥി ജി ഭുവനേശ്വരനെ നിങ്ങള്‍ക്രൂരമായി ആക്രമിച്ചു. മാത്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ അഭയം തേടിയ ഭുവനേശ്വരനെ പിന്തുടര്‍ന്നെത്തിയും കെഎസ്യു ക്രിമിനല്‍ സംഘം ആക്രമം തുടര്‍ന്നു.
ജി ഭുവനേശ്വരന്റെ ജീവനെടുത്തു നിങ്ങള്‍ . 1979ല്‍ ഫെബ്രുവരി 24നു തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന പി കെ രാജനെ കുത്തി കൊന്നതും കെഎസ്യു ക്രിമിനലുകളായിരുന്നു.

1982 ഡിസംബര്‍ 17ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സിവി ജോസ്. നിങ്ങളുടെ ഗുണ്ടകള്‍ കൊന്നതായിരുന്നില്ലേ?ചരിത്രത്തിലാദ്യമായി കാതലിക്കറ്റ് കോളേജില്‍ എസ്എഫ്‌ഐ വിജയിച്ചു. ജനറല്‍ സെക്രട്ടറിയായി തെരഞെടുക്കപ്പെട്ട സി വി ജോസിനെ നിങ്ങള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിയുന്നു. ജോസിനെ കൊന്നതിനു ദൃക്സാക്ഷിയായത് മാത്രമായിരുന്നു എംഎസ് പ്രസാദ് ചെയ്ത തെറ്റ്. സാക്ഷി മൊഴി പറഞ്ഞതിന്റെ പേരില്‍ പ്രസാദിനെ 1984ലെ തിരുവോണനാളില്‍ നിങ്ങളുടെ ഗുണ്ടകള്‍ കൊന്നുതള്ളി. 1988 ജനുവരി 24നു കോട്ടയം.മണര്‍കാട് സെന്റ് മേരീസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സാബുവിനായിരുന്നു നിങ്ങളുടെ അടുത്ത മരണവാറണ്ട്.

സര്‍വകലാശാല കലോത്സവ വേദിയില്‍ വച്ചാണ് ഞങ്ങളുടെ കെ ആര്‍ കൊച്ചനിയനെ 1992 ഫെബ്രുവരി 29 ന് നിങ്ങള്‍ കുത്തി കൊന്നത്. അതേവര്‍ഷം ജൂലൈ 15ന് കോഴിക്കോട് ജില്ലാ ജാഥയില്‍ സംസാരിക്കുകയായിരുന്ന എസ്എഫ്‌ഐ താമരശ്ശേരി ഏരിയാ ജോയിന്റ് സെക്രട്ടറി ജോബി ആന്‍ഡ്രൂസിനെ എറിഞ്ഞു കൊന്നത് എംഎസ്എഫും കെഎസ്യു ഗുണ്ടകളും ചേര്‍ന്നായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് 2012 മാര്‍ച്ച് 18ന് ഇടുക്കിയില്‍ എസ്എഫ്‌ഐ ജില്ലാ വൈസ്പ്രസിഡന്റ് ആയിരുന്ന അനീഷ്രാജനെ യൂത്ത് കോണ്‍ഗ്രസ്സ് ഐഎന്‍ടിയുസി ക്രിമിനലുകള്‍ കൊന്നത്.

സൈമണ്‍ ബ്രിട്ടോ അടുത്തകാലം വരെ ഒരു വീല്‍ ചെയറില്‍ താങ്കളുടെ മുന്നിലൂടെ കടന്നു പോയില്ലേ?ആ മഹാ പ്രതിഭയെ വീല്‍ചെയറില്‍ തളച്ചിട്ടത് നിങ്ങളുടെ ഗുണ്ടകളുടെ കത്തിമുനയായിരുന്നില്ലേ?
ഈ വാര്‍ധക്യത്തില്‍,അങ്ങയുടെ ഇപ്പോഴത്തെ ഏകാന്ത ജീവിത നിമിഷങ്ങളില്‍ എപ്പോഴെങ്കിലും ബ്രിട്ടോയെ,പിന്നെ നിങ്ങളുടെ കൂട്ടത്തിലെ ക്രിമിനലുകള്‍ കൊന്നു കുഴിച്ചുമൂടിയ എസ്എഫ്‌ഐക്കാരായ വിദ്യാര്‍ത്ഥികളെ,അവരുടെ രക്ഷകര്‍ത്താക്കളെ, കുറിച്ചോര്‍ത്തു നോക്കിയിട്ടുണ്ടോ? നിങ്ങള്‍ തന്നെ കൊലപ്പെടുത്തിയ കെഎസ്യു നേതാവ് ബഷീര്‍ ഉള്‍പ്പെടെയുള്ള പേരുകള്‍ അങ്ങേയ്ക്ക് അറിയാവുന്നതിനാല്‍ ഞാന്‍ ഇവിടെ പരാമര്‍ശിച്ചിട്ടില്ല.

താങ്കള്‍ എത്രമാത്രം അടിസ്ഥാന രഹിതമായ ആരോപണമാണ് ത്യാഗങ്ങളുടെ മാത്രം മഹാ ചരിത്രമുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയെ ചൂണ്ടി വിളിച്ചു പറഞ്ഞത്? എസ്എഫ്‌ഐ കൊലപ്പെടുത്തിയ ഒരു വിദ്യാര്‍ത്ഥിയുടെ പേര് അങ്ങേയ്ക്ക് പറയാനാകുമോ? കെഎസ്‌യു കൊന്നു കുഴിച്ചുമൂടിയവരുടെ പേരുകള്‍ മാത്രമാണ് ഞാന്‍ മുകളില്‍ പരാമര്‍ശിച്ചത്.

ഡല്‍ഹിയില്‍ അങ്ങ് സായാഹ്ന സവാരിക്കിറങ്ങാറുണ്ടോ?സൂക്ഷിക്കണം ആര്‍എസ്എസ് ക്രിമിനലുകള്‍ ഒരുപക്ഷേ തടഞ്ഞു നിര്‍ത്തി അങ്ങയെ ജയ്ശ്രീറാം വിളിപ്പിച്ചെയ്ക്കാം. എന്നാല്‍ ഇവിടെ നമ്മുടെ നാട്ടില്‍ നിര്‍ഭയമായി മനുഷ്യര്‍ സഞ്ചരിക്കുന്നു. കലാലയങ്ങളില്‍, തെരുവുകളില്‍ ആര്‍എസ്എസ് എന്ന മഹാ വ്യാധിക്ക് എതിരെ കാവല്‍ നിന്ന് പൊരുതിവീണവര്‍, ഞങ്ങള്‍ എസ്എഫ്ഐക്കാര്‍ മാത്രമായിരുന്നു.

വര്‍ഗീയതയ്ക്കെതിരെ ചെറുത്തു നിന്ന് മരിച്ചുവീണ ഒരു കെഎസ്യു പ്രവര്‍ത്തകന്റെ പേര് അങ്ങേയ്ക്ക് പറയാനാകുമോ?പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസുമാകുന്ന കോണ്‍ഗ്രസ്സിനെ കുറിച്ച് വെളിപ്പെടുത്തിയത് താങ്കള്‍ തന്നെയാണ്. എന്നാല്‍ ഈ കെഎസ്യു പട്ടാപ്പകല്‍ എബിവിപിയ്ക്ക് ഒപ്പം ചേര്‍ന്ന് മത്സരിച്ച എത്ര എത്ര സംഭവങ്ങളാണ് വിവിധ ക്യാംപസുകളില്‍ ഉണ്ടായത്?

ആക്രമിച്ചു കൊന്നു തള്ളുമ്പോഴും ത്യാഗ നിര്‍ഭരതയുടെ മഹാ സമരങ്ങളായി, സര്‍ഗാത്മകതയുടെ ചാരുതയില്‍ എസ്എഫ്‌ഐ ചരിത്രത്തിലുടനീളം തലയുയര്‍ത്തി നില്‍ക്കുന്നു.
ചുവന്നു തുടുത്ത ഒരു ഗുല്‍മോഹര്‍ വൃക്ഷമാണ് എസ്എഫ്‌ഐ. പ്രണയവും സര്‍ഗാത്മകതയും ഉറക്കെ മുഴങ്ങിയ മുദ്രാവാക്യങ്ങളും കാലത്തോടുള്ള കലഹവും… നിശബ്ദമാക്കാനാകാത്ത അന്‍പത് വര്‍ഷങ്ങള്‍.

ഇനിയും നിശബ്ദമാകില്ല തന്നെ. അങ്ങ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്യാംപസ് രാഷ്ട്രീയം ആവശ്യമില്ലെന്ന് കേരള ഹൈക്കോടതിയില്‍ സത്യ വാങ്മൂലം നല്‍കിയ മഹാനാണ്. എസ്എഫ്‌ഐ യെ ഇല്ലാതാക്കാന്‍ മാത്രമായിരുന്നു ആ നീക്കം.

കൊന്നു തള്ളിയിട്ടും, അധികാരമുപയോഗിച്ചു അടിച്ചമര്‍ത്തിയിട്ടും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനായില്ല വിദ്യാര്‍ത്ഥികളുടെ സ്വന്തം എസ്എഫ്‌ഐയെ. എന്നിട്ടും പക തീരാതെ ഇപ്പോള്‍ കളിത്തോക്കു കൊണ്ട് ഉന്നം പിടിയ്ക്കുന്നോ? താങ്കള്‍ അധികാരത്തിലിരുന്നപ്പോഴൊക്കെയും ഞങ്ങളുടെ രക്തം കുടിയ്ക്കാന്‍കയറൂരി വിട്ടിട്ടുണ്ട് കാക്കി പടയെ.

ആദ്യമായി വിദ്യാര്‍ഥികള്‍ക്ക് നേരെ ഉഗ്രശേഷിയുള്ള ഗ്രനേഡുകള്‍ വലിച്ചെറിയുന്നത് താങ്കള്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. ഇലട്രിക് ലാത്തി ആദ്യമായും അവസാനമായും പ്രയോഗിച്ചതും നിങ്ങളായിരുന്നു. ജലപീരങ്കി ആദ്യമായി ഉപയോഗിച്ചതും യൂണിവേഴ്‌സിറ്റി കോളേജിന്റെ മുന്നിലായിരുന്നു.നോക്കു… എന്നിട്ടെവിടെയെങ്കിലും എസ്എഫ്‌ഐ തകര്‍ന്നു പോയോ?
പിന്നെയല്ലേ ഇപ്പോള്‍ കല്ലുവച്ച നുണകൊണ്ട് എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നത്.