ചിക്കനും കോഴിമുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്ന വിചിത്രവാദവുമായി ശിവസേന എംപി സഞ്ജയ് റാവത്. രാജ്യസഭയിലാണ് സഞ്ജയ് ഇക്കാര്യം അവതരിപ്പിച്ചത്. ആയുര്‍വേദത്തെ സംബന്ധിച്ചുള്ള ചര്‍ച്ചക്കിടെയാണ് എംപി ഈ ആവശ്യം ആവശ്യപ്പെട്ടത.

ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ടകള്‍ ഇടുമെന്നും അത് സംസ്യാഹാരികള്‍ക്ക് ഭക്ഷിക്കാമെന്നും എംപി പറഞ്ഞു. ചിക്കനെയും മുട്ടയെയും വെജിറ്റേറിയന്‍ ആയി വര്‍ഗീകരിക്കണമെന്നും അദ്ദേഹം ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

‘ഒരിക്കല്‍ ഞാന്‍ നന്ദുര്‍ബാര്‍ പ്രദേശത്തെ ഒരു ചെറിയ ചേരിയില്‍ പോയിരുന്നു. അവിടുത്തെ ആദിവാസികള്‍ ഒരു ഭക്ഷണം കൊണ്ടുവന്നു തന്നു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ആയുര്‍വേദിക് ചിക്കന്‍ എന്നാണ് മറുപടി പറഞ്ഞത്. എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുംവിധമാണ് അവര്‍ കോഴിയെ വളര്‍ത്തുന്നത്.’ റാവത്ത് പറഞ്ഞു.

അതേസമയം, എംപിയുടെ ആവശ്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി ട്രോളുകളും എംപിക്കെതിരെ പ്രചരിക്കുന്നുണ്ട്. ബീഫും മട്ടനും കൂടി വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്നാണ് ഇപ്പോഴുള്ള പൊതുവായ ആവശ്യം.