പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു. രാജ്യാന്തര നീതിന്യായ കോടതിയാണ് വിധി പറഞ്ഞത്. ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള ജഡ്ജിമാരടക്കം 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫാണ് വിധി പറഞ്ഞത്.

16ല്‍ 15 ജഡ്ജിമാരും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. വിയന്ന കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചെന്നും അന്താരാഷ്ട്ര കോടതി. വധശിക്ഷ പുനപപരിശോധിക്കാനും പാക്കിസ്ഥാന് നിര്‍ദേശം. കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി 2016 ലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് കുല്‍ഭൂഷന്‍ ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. വിശദമായ വിചാരണ പോലും നടത്താതെ 2017 ഏപ്രിലില്‍ പാക്കിസ്ഥാന്‍ പട്ടാളക്കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

കുല്‍ഭൂഷന് ഇന്ത്യയില്‍നിന്നുള്ള നയതന്ത്രസഹായം നിഷേധിച്ചത് 1963ലെ വിയന്ന കരാറിന്റെ ലംഘനമാണെന്നാണ് ഹേഗില്‍ ഇന്ത്യ പ്രധാനമായും വാദിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വികാരഭരിതമായാണ് ഇന്ത്യ തങ്ങളുടെ നിലപാട് ലോകസമക്ഷം അവതരിപ്പിച്ചത്. ഇതാദ്യമായി വ്യക്തി സ്വാതന്ത്ര്യം രാജ്യാന്തര കോടതിയുടെ മുന്നില്‍ വന്നു.