യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം അന്വേഷിക്കുന്ന സബ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്‍ടോണ്‍മെന്റ് സ്റ്റേഷനിലേക്ക് തളളി കയറാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ടത് അതേ എസ്‌ഐ. ആര്‍ക്ക് വേണ്ടിയാണോ സമരം നടത്തിയത് അതേ ഉദ്യോഗസ്ഥനില്‍ നിന്ന് ലാത്തി അടി കൊളേളണ്ട ഗതികേടായിരുന്നു തലസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ക്ക്. തിരുവനന്തപുരം കണ്‍ടോണ്‍മെന്റ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ തികച്ചും കൗതുകകരമായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം അന്വേഷിക്കുന്ന കണ്‍ടോണ്‍മെന്റ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ആര്‍ .ബിനുവിനെ സ്ഥലംമാറ്റിയെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്‍ടോണ്‍മെന്റ് സ്റ്റേഷനിലേക്ക് തളളി കയറാന്‍ ശ്രമിച്ചത്. എസ് ഐ യെ സ്ഥലം മാറ്റിയിട്ടില്ലെന്നും, മുന്‍പ് ഇതേ സ്റ്റേഷനില്‍ ജോലി നോക്കിയിരുന്ന മുഹമ്മദ് ഷാഫിയെ കൂടി കണ്‍ടോണ്‍മെന്റ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തന പരിചയം വെച്ച് നിയമിച്ചതാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ സുനീഷ്ബാബു വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെവികൊളളാന്‍ കൂട്ടാക്കിയില്ല. സ്റ്റേഷന്‍ വളപ്പിനുളളല്‍ കയറി പ്രവര്‍ത്തകര്‍ പോലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയത് ആവട്ടെ എസ്‌ഐ ആര്‍.ബിനുവും.

എസ്‌ഐയെ മാറ്റിയെന്ന് ആരോപിച്ച് മാര്‍ച്ച് നടത്തിയവര്‍ക്ക് അതേ പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്യില്‍ നിന്ന് കണക്കിന് മേടിക്കേണ്ടി വന്ന ഗതികേടിലായി കോണ്‍ഗ്രസ് പ്രവര്‍ത്തര്‍. മുഖ്യ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വ്വകലാശാല ഉത്തരകടലാസുകള്‍ കണ്ടെടുത്തത് കണ്‍ടോണ്‍മെന്റ് സബ് ഇന്‍സ്‌പെക്ടറായ ആര്‍.ബിനുവാണ്.

സെക്രട്ടറിയേറ്റ് അടക്കമുളള നിരവധി തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ഉള്‍കൊളളുന്ന കണ്‍ടോണ്‍മെന്റ് സ്റ്റേഷനില്‍ നാലിലേറെ എസ്‌ഐമാര്‍ എല്ലാ കാലത്തും ജോലി നോക്കാറുണ്ട്. ഈ വസ്തുത മറച്ച് വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് തളളി കയറാന്‍ നോക്കിയത്,ഒടുവില്‍ ആര്‍ക്ക് വേണ്ടിയാണോ സമരം നടത്തിയത് അതേ ഉദ്യോഗസ്ഥനില്‍ നിന്ന് തന്നെ ലാത്തിചാര്‍ജ് ഏറ്റ് വാങ്ങേണ്ടി വന്നതും ഗതികേടിലായി തലസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍