കാഴ്ച മറയ്ക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞു. നിയമാനുസൃതമുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, റിഫ്‌ലക്ടര്‍ ടേപ്പ്, പാര്‍ക്ക് ലൈറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമാണെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കി.

വാഹനങ്ങളുടെ വിന്റ് ഷീല്‍ഡുകളില്‍ കാഴ്ച മറക്കുന്ന ഒരു വസ്തുവും ഘടിപ്പിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ഹെഡ്‌ലൈറ്റ്, ടൈല്‍ ലാമ്പ് എന്നിവ ടിന്റ് ഉപയോഗിച്ച് മറക്കാന്‍ പാടില്ല. പാര്‍ക്ക് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതെ വാഹനങ്ങള്‍ രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്യാനും പാടില്ല. മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന വിധത്തില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പരസ്യങ്ങളും നിരോധിച്ചു.

കെഎസ്ആര്‍ടിസി ഡ്രൈവറായ കെ എം സജി തന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍ വാഹന വകുപ്പ് നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.