51 ഇന ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി എസ്എഫ്‌ഐ സംസ്ഥാനത്തെമ്പാടുമായി നാളെ കളക്ടറേറ്റിലേക്കും, സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തും. എസ്എഫ്‌ഐയുടെ കേരളത്തിലെ ശക്തി വിളിച്ചോതുന്നതാവും മാര്‍ച്ചിലെ വിദ്യാര്‍ത്ഥി പങ്കാളിത്വം. 13 ജില്ലകളിലെ കളക്ട്രേറ്റിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കുമാണ് എസ്എഫ്‌ഐ മാര്‍ച്ച്.

അംഗീകാരം ഇല്ലാത്ത കോഴ്‌സുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുക, ഇന്റേണല്‍ അസസ്‌മെന്റില്‍ സെപ്പറേറ്റ് മിനിമം എന്ന മാനദണ്ഡം പിന്‍ വലിക്കുക .ജനാധിപത്യവേദികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുക. എസ് സി, എസ് ടി മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുളള പഠനാനുകൂല്യം വര്‍ദ്ധിപ്പിക്കുക എന്നീങ്ങനെ 51 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്എഫ്‌ഐ നാളെ സംസ്ഥാനത്തെ 13 ജില്ലാ കളക്ടറേറ്റുകളിലേക്കും, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രകടനവും ധര്‍ണ്ണയും നടത്തുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 5000 മുതല്‍ 10000 വരെ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കാനാണ് എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്ന മുന്നേറ്റത്തിനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് കൈരളി ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരത്ത് ഏറെ കരുതലോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തനം നടത്തുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് അവധിയാണെങ്കിലും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ നേതൃത്വം പറയുന്നത്. ജില്ലയിലെ 19 ഏരിയാ കമ്മറ്റികളില്‍ നിന്നും, കാര്യവട്ടം ക്യാമ്പസ് കമ്മറ്റിയില്‍ നിന്നുമായി 10000 ലെറെ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം പങ്കാളികളാവും.

എല്ലാ ഏരിയാ കമ്മറ്റികളില്‍ നിന്നും പ്രത്യേകം പ്രത്യേകം ബാനറിലാവും വിദ്യാര്‍ത്ഥികള്‍ അണിനിരക്കുക. തിരുവനന്തപുരത്ത് എസ്എഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ വി.പി സാനുവും, കോഴിക്കോട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവും മാര്‍ച്ച് ഉത്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷന്‍ വിഎ വിനീഷ് തിരുവനന്തപുരത്തെ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും.