ഒന്ന്

ഭൂമിയിലെ യഥാര്‍ത്ഥ അല്‍ഭുതങ്ങള്‍ക്ക് മുന്നിലാണ് നാമിപ്പോള്‍. നൂറുകണക്കിന് തച്ചന്മാരുടെയും അവരുടെ കല്ലുളികള്‍ ശബ്ദിച്ച സംഗീതത്തിന്റെയും ഉറഞ്ഞു പോയ സ്മാരകങ്ങള്‍ക്ക് നടുവില്‍. തെക്കന്‍ കര്‍ണ്ണാടകയിലെ തനിക്കാര്‍ഷിക ഗ്രാമമായ ബേലൂര്‍ തൊള്ളായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരല്‍ഭുതകലാനാഗരികതയായിരുന്നെന്ന് ലോകത്തോട് വിളിച്ചു പറയുന്ന ക്ഷേത്ര സമുച്ചയം, ഇപ്പോഴും ചരിത്രത്തിലെ പകരങ്ങളില്ലാത്ത കൊത്തു വേലകളുമായി വിസ്മയം വിരിയിക്കുകയാണ്. എത്ര കാലങ്ങള്‍ കണ്ടാലും കണ്ടു തീരാതെ എന്തൊരതിശയമാണ് ഈ കല്ലുകള്‍? ശില്പങ്ങള്‍ അല്ലാത്തതായി ഒരു കരിങ്കല്ലു പോലും എടുത്തു കാണിക്കാനില്ലാത്ത ഇങ്ങനെയൊരു ക്ഷേത്രം ലോകത്തെവിടെയെങ്കിലുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്, ഇതേ ചരിത്രത്തിന്റെ തുടര്‍ച്ചയായ പതിനാറ് കിലോമീറ്റര്‍ അപ്പുറത്ത് നില കൊള്ളുന്ന ഹലേബിഡ്!

1117 ല്‍ ചോളര്‍ക്കെതിരായ തലക്കാട്ട് യുദ്ധം വിജയിച്ചതിന്റെ ഓര്‍മ്മയക്ക് ഹൊയ്‌സാല രാജാവ് വിഷ്ണുവര്‍ദ്ധനനും ഭാര്യ ശാന്തള ദേവിയുമാണ് ബേലൂരിലെ ഈ ചെന്ന കേശവ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയത്. ഇത്രയും സൂക്ഷ്മ ശില്പാലങ്കരങ്ങളോടെ ഈ കലാക്ഷേത്രം പൂര്‍ത്തിയാവാന്‍ 103 വര്‍ഷമെടുത്തുവെന്നാണ് പറയുന്നത്. മൂന്ന് തലമുറകള്‍ ചേര്‍ന്ന കല്ലുളികളുടെ കലാവൈഭവം അക്ഷരാര്‍ത്ഥത്തില്‍ കാലത്തെ നിശ്ചലമാക്കി നിര്‍ത്തുന്നു.

ശാസ്ത്രത്തെപ്പോലും തൊഴുകൈകളോടെ നിര്‍ത്തുന്നു. ആനയും കുതിരയും പക്ഷിമൃഗാദികളും യുദ്ധവും രതിയും വേട്ടയും നൃത്തവും സംഗീതവും അവതാരങ്ങളുമെല്ലാമായി സൂക്ഷമത്തിലും സൂക്ഷ്മാണ് ഓരോ ശില്പവും. ഒരു ദിവസം കൊണ്ട് ഒരു നോട്ട പ്രദിക്ഷണമേ നടക്കൂ. ഒരോന്നും വിശദമായി കാണാന്‍ ദിവസങ്ങള്‍ വേണം. കണ്ണുകളെ മടക്കാനാവില്ല. കണ്ണടച്ചാലും കണ്ണില്‍ ആ ശില്പങ്ങള്‍ തന്നെ വീണ്ടും വീണ്ടും തെളിയും. പുരാവസ്തു വകുപ്പിന്റെ പരിചരണത്തിലാണ് ക്ഷേത്രം. പറയത്തക്ക പൂജകളോ വഴിപാടുകളോ ഭക്തിപ്രകടനങ്ങളോ ഇല്ല. ആരാധിക്കേണ്ടവര്‍ക്ക് ആരാധിക്കാം . തൊഴേണ്ടവര്‍ക്ക് തൊഴാം എന്നു മാത്രം. അതു കൊണ്ട് വിശ്വാസികളുടെ വലിയ പ്രവാഹമില്ല. അതു കൊണ്ട് ഈ കലാഗോപുരങ്ങള്‍ രക്ഷപ്പെട്ടുവെന്നും പറയാം. ക്ഷേത്രച്ചവരില്‍ ശില്പനിരകളുടെ ഇടയില്‍ ചില വിട്ട ഭാഗങ്ങള്‍ കാണാം. വരും തലമുറക്ക് ശില്പങ്ങള്‍ ചെയ്യാന്‍ ബേലൂരിലെ പഴയ പെരുന്തച്ചന്മാര്‍ ബോധപൂര്‍വം ഒഴിച്ചിട്ടതാണത്രെ അത്. ഒരു പക്ഷേ വരാനിരിക്കുന്ന കാലത്താടുള്ള വെല്ലുവിളി. എന്നാല്‍ എത്ര നിസ്സഹായം പില്‍ക്കാലം!

രണ്ട്

ബേലൂരില്‍ നിന്ന് ഹലേബഡിലേക്ക് വരുമ്പോള്‍ കാലം വീണ്ടും പന്ത്രണ്ടാം നൂറ്റാണ്ടിലേക്ക് കുതിക്കുന്നു. ഹൊയ്‌സാലന്മാരുടെ രണ്ടാമത്തെ തലസ്ഥാനവും നമ്മെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. എന്നാല്‍ സ്വീകരിക്കുന്ന രൂപങ്ങളെ സൂക്ഷിച്ചു നോക്കൂ, ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലെ ദ്വാരപാല ശില്പങ്ങള്‍ക്കൊന്നിനും കൈകളില്ല. കരിങ്കല്‍ ശില്‍പ്പങ്ങളുടെ കൈകളെപ്പോലും ഭയന്നിരുന്ന ആ ഭരണാധികാരി ആരാണ്?. പതിനാലാം നൂറ്റാണ്ടില്‍ ഹൊയ്‌സാലന്മാരെ ആക്രമിച്ച മാലിക്ക് കഫൂറാണ് ഈ ശില്പങ്ങളുടെ കൈകള്‍ അറുത്ത് മാറ്റിയതെന്നാണ് ചരിത്രം പറയുന്ന ഉത്തരം. എന്തോ നിശ്ചയമില്ല. പക്ഷേ കൈകള്‍ പോയാലെന്ത്, ശില്പങ്ങളുടെ മുഖവും ശരീരവും അതി സൂക്ഷ്മങ്ങളായ അതിലെ ഞൊറിവുകളും ആഭരണങ്ങളും മാത്രം മതി ഈ ശില്പങ്ങളെ ലോകത്തെ തന്നെ ഒന്നാംനിര കരിങ്കല്‍ കലാശില്‍പ്പങ്ങളായി മുന്നില്‍ നിര്‍ത്താന്‍.  ശില്പകലയുടെ അനുഗ്രഹങ്ങളെ സ്ഥൂലത്തിലും സൂക്ഷ്മത്തിലും അമ്പരപ്പിച്ച ഹലേബിഡ് ശില്‍പ്പികളുടെ കൈകളെയും കൈയ്യുളികളെയും ലോകം നമിക്കണം.

നമ്മുടെ പെരുന്തച്ചനും മകനും പോലെ ബേലൂരിലും ഹലേബിഡിലും ഒരു പെരുന്തച്ചന്റെ നാടോടിക്കഥ പാറിപ്പറക്കുന്നുണ്ട്. ക്ഷേത്രങ്ങള്‍ പൂര്‍ത്തിയായ ഘട്ടത്തില്‍ അതിലെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്താന്‍ ബേലൂരിലെ പെരുന്തച്ചന്‍ വെല്ലുവിളിച്ചത്രേ. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തന്റെ രണ്ട് കൈകളും അറുത്തുമാറ്റാമെന്നായിരുന്നു വാഗ്ദാനം. വഴി പോക്കനായെത്തിയ ഒരു യാവാവ് വിഗ്രഹത്തില്‍ ചിലതിന്റെ വീഴ്ച്ച കണ്ടെത്തി. ഉളികൊണ്ടുള്ള ഒറ്റ വെട്ടിന് ഒരു ഗണപതി വിഗ്രഹം ഉടച്ചു. തകര്‍ന്നുപോയ പെരുന്തച്ചന്‍ വാഗ്ദാനം നിറവേറ്റാന്‍ തന്റെ കൈവെട്ടാനാഞ്ഞപ്പോള്‍ യുവാവ് തടഞ്ഞു. അവന്റെ നാടും വീടും അമ്മയെയും അന്വേഷിച്ചപ്പോഴാണ് പെരുന്തച്ചന്‍ ശരിക്കും ഞെട്ടിയത്. അത് തന്റെ തന്നെ മകാനാണെന്നും ആ ഉളി പിടിച്ച കൈകളിലോടുന്നത് തന്റെ തന്നെ രക്തമാണെന്നും അയാള്‍ അപ്പോഴാണ് തിരിച്ചറിഞ്ഞത്. വെട്ടിയരിയാതെ പോയ ആ കൈകള്‍ പിന്നെയും എത്രകാലം ഇവിടെ പെരുന്തച്ചന്‍ കോമ്പ്‌ലക്‌സുകളൊന്നുമില്ലാതെ അല്‍ഭുതങ്ങള്‍ കൊത്തിയെടുത്തു വെന്നറിയില്ല. പെരുന്തച്ചന്റെയും മകന്റെയും പിന്‍ഗാമികളെന്ന് തോന്നിക്കുന്ന മുഷിഞ്ഞ വേഷധാരികളായ സ്ത്രീകള്‍ ഈ സ്ഥലങ്ങളില്‍ ഇപ്പോഴും ശില്‍പ്പങ്ങള്‍ കൊത്തി വില്‍ക്കുന്നുണ്ട്. ഇവരുടെ മുഖങ്ങളെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലിട്ട് തൊള്ളായിരം വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് സഞ്ചരിച്ചാല്‍ ഹൊയ്‌സാല ശില്‍പ്പികളുടെ രൂപം കിട്ടുമായിരിക്കും.

ഒരു സ്ത്രീ ആയിരം രൂപ വില പറഞ്ഞ ഒരു ബുദ്ധശില്പം വിലപേശി ഞാന്‍ ഇരുന്നൂറ്റമ്പത് രൂപയ്ക്ക് വാങ്ങി. അതിന് ആയിരം കൊടുത്താല്‍പ്പോരെന്ന് ഉള്ളില്‍ തോന്നിയെങ്കിലും വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ഗതികേടിന് മുന്നില്‍ ബുദ്ധന്‍ ഇരുന്നൂറ്റമ്പത് രൂപയ്ക്ക് ശാന്തമായി മന്ദഹസിച്ചു. ചോദ്യം അതല്ല, ലോകത്തെ ഏറ്റവും സുന്ദരവും സമ്പന്നവുമായ ഈ ശില്പപാരമ്പര്യത്തിന്റ പിന്മുറക്കാര്‍ എങ്ങനെ ഇത്രമാത്രം ദരിദ്രരും പാര്‍ശ്വവത്കൃതരുമായെന്നതാണ്? ലോകം ബേലൂരിനെയും ഹലേബിഡിനെയും വാഴ്ത്തുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട ശില്‍പ്പങ്ങളെപ്പോലുള്ള ഈ മനുഷ്യരെ വെറും വഴിവാണിഭക്കാരാക്കിയ ആ വ്യവസ്ഥയേതെന്നാണ്?. ഹലേബിഡ് എന്നാല്‍ പഴയ നഗരം എന്നാണ് അര്‍ത്ഥം. വളരെ പഴയ നഗരം തന്നെയാണ് ഇപ്പോഴും ഹലേബിഡ്. പുതിയത് പലതും വന്നിട്ടുണ്ടെങ്കിലും പഴമ കൊണ്ടാണ് എല്ലാം പൊതിഞ്ഞു കെട്ടിയിരിക്കുന്നത്. പഴമയുടെ കല്ലില്‍ കൊത്തിയ പ്രൗഡി തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ചുറ്റിലും മനുഷ്യമുഖങ്ങളില്‍ കൊത്തിവെച്ചിരിക്കുന്നത് ദൈന്യതയാണ്.

 

മൂന്ന്

ബംഗ്ലൂരിന്റെ തെക്ക് കിഴക്കന്‍ ഗ്രാമങ്ങള്‍ നൂറ്റാണ്ടുകളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ചരിത്ര സ്മാരകങ്ങളാണ്. കര്‍ക്കള, ശ്രാവണ ബളഗോള, ബാദാമി, മൂഡബിദ്രി തുടങ്ങി സവര്‍ണ്ണ ഹൈന്ദവാധിനിവേശം ബാധിക്കാത്ത ഗ്രാമങ്ങള്‍ ശിലകളിലും ശില്പങ്ങളിലും എഴുതുന്ന ചരിത്രത്തിന് രണ്ടായിരം വര്‍ഷം വരെ പഴക്കമുണ്ട്. ശ്രീ ശങ്കരന്‍ കൊല്ലൂരില്‍ വന്ന് തന്നെ പാണ്ഡിത്യത്തില്‍ തോല്‍പ്പിച്ച ഒരു ജൈന വിദുഷിയുടെ നാവരിഞ്ഞ് പക വീട്ടിയതാണ് മൂകാംബികയുടെ അധികമാരും പറയാത്ത ചരിത്രമെങ്കിലും, പ്രാചീന കന്നട ത്തിന് തെക്കോട്ട് ശങ്കരന്റെ ആ അധിനിവേശ ദ്വിഗ്വിജയയാത്രക്ക് അധികം ആയുസുണ്ടായിരുന്നില്ല. ജൈനര്‍ ഇവിടെ രാഷ്ട്രീയമായും ദാര്‍ശനീകമായും അത്രയേറെ സംഘടിതരായിരുന്നു.അതു കൊണ്ട് കലര്‍പ്പില്ലാതെ കല്ലില്‍ വിരിഞ്ഞ ഈ അല്‍ഭുതങ്ങളെല്ലാം ഇവിടെ ഇങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു.

ആദിനാഥനും, ശാന്തി നാഥനും, പാര്‍ശ്വനാഥനുമായി കൊത്തിയുയര്‍ത്തിയ ആ പാര്‍ശ്വ ചരിത്രം പറയുമ്പോള്‍ കൈയ്യേറി ശിവനും പാര്‍വതിയും വിഷ്ണുവും അയ്യപ്പനുമെല്ലാമാക്കി മാറ്റിയ മലയാളിയുടെ ക്ഷേത്രങ്ങളുടെയും യഥാര്‍ത്ഥ രൂപം കിട്ടും. അതൊരു വിശദമായ വിഷയമാണ്.
കര്‍ണ്ണാടക രാഷ്ട്രീയം കുലുങ്ങുമ്പോള്‍ ആദ്യം കുലുങ്ങുന്ന ഹാസ്സനിലാണ് ഞാനിപ്പോള്‍. ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും നാട്. രണ്ടു മൂന്ന് സ്റ്റേഷനുകള്‍ പിന്നിട്ടാല്‍ യദിയൂരപ്പയുടെ യദിയൂരുമായി. രാജ്യം ഉറ്റുനോക്കുന്നത് ഇപ്പോള്‍ ഈ നാട്ടിലേക്കാണ്. കരിങ്കല്ലു പോലുള്ള എല്ലാം ഇളകുകയാണ്. ഹൈന്ദവ ഫാസിസത്തിനെതിരായ ഒരു പ്രതിരോധ ദുര്‍ഗ്ഗം കൂടി അധികാര മാത്സര്യങ്ങളില്‍ കടപുഴകുകയാണ്. എന്നാല്‍ ഈ കരിങ്കല്‍ ഗോപുരങ്ങള്‍ പറയുന്നത് മറ്റൊരു ജീവിതമാണ്. സമതയുടെ നിര്‍മ്മമതയുടെയും നിരാസക്തിയുടെയും വേറൊരു ചരിത്രമാണ്. ആര് കേള്‍ക്കാന്‍?

മൗര്യ സാമ്രാജ്യാധിപനായ സാക്ഷാല്‍ ചന്ദ്ര ഗുപ്ത മൗര്യന്‍ പോലും അവസാനകാലത്ത് തെരഞ്ഞെടുത്ത ഭൂമിയാണ്. ഭദ്ര ബാഹുവിനും പന്ത്രണ്ടായിരം ജൈന ഭിക്ഷുക്കള്‍ക്കുമൊപ്പം ചന്ദ്രഗുപ്തനും അദ്ദേഹത്തിന്റെ മന്ത്രി മുഖ്യന്‍ ചാണക്യനും നിര്‍വ്വാണമടഞ്ഞ മണ്ണാണ്. പഴയ ഇന്ത്യാ ചരിത്രത്തെ രാഷ്ട്രീയമായി ഇളക്കിമറിച്ച ഈ ഭരണാധികാരികളുടെ സ്മാരകമായി ശ്രാവണ ബളഗോളയില്‍ ഒരു ചന്ദ്ര ബസ്തിയുണ്ട്. മണ്ണടിഞ്ഞ വലിയ സാമ്രാജ്യാധിപന്മാരുടെ അക്കഥകളോര്‍ത്ത് പുതിയ കന്നട വര്‍ത്തകള്‍ വായിക്കാന്‍ രസമുണ്ട്.

 

നാല്

ആദി തീര്‍ത്ഥങ്കരനായിരുന്ന ഋഷഭ നാഥന്‍ അഥവാ ആദിനാഥന് നൂറു മക്കളായിരുന്നു. ലൗകിക ബന്ധങ്ങളില്‍ നിന്നെല്ലാം മുക്തി നേടണമെന്ന് അയാള്‍ ആശിച്ചില്ലെങ്കിലാണ് അത്ഭുതം. ആത്മത്യാഗത്തിന്റെ യാത്രയ്ക്ക് മുമ്പ് ആദിനാഥന്‍ രാജ്യം നൂറു മക്കള്‍ക്ക് മുറിച്ചു നല്‍കി. മൂത്ത മകന്‍ ഭരതന് അയാധ്യയും രണ്ടാമത്തെ മകന്‍ ബാഹുബലിക്ക് ചോതന്‍ പൂരുമാണ് ലഭിച്ചത്. ഭരതന്‍ വാളെടുത്തപ്പോള്‍ സഹോദരമാരെല്ലാം രാജ്യം അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വെച്ചു. ബാഹുബലി പക്ഷേ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. ഘോര യുദ്ധത്തില്‍ അയാള്‍ ഭരതന്റെ അഹന്തയെയും അധികാരക്കൊതിയെയും തറപറ്റിച്ചു.

യുദ്ധത്തില്‍ ജയിച്ചിട്ടും ബാഹുബലിക്ക് എന്തോ സന്തോഷം വന്നില്ല.
അയാള്‍ അയോധ്യ ഭരതന് തന്നെ തിരിച്ചു നല്‍കി. പരാക്രമങ്ങള്‍ അയാള്‍ക്ക് മടുത്തു. സുഖഭോഗങ്ങളുടെ നിരര്‍ത്ഥകത അയാളെ അലോസരപ്പെടുത്തി. അച്ഛന്റെ വഴി അയാളെ വിളിച്ചു. ആഹാര നീഹാരാദികള്‍ വെടിഞ്ഞ് ആത്മപീഡയുടെ അങ്ങേയറ്റത്തേക്ക് അയാളും യാത്ര തുടങ്ങി. കൊടും തപസിനൊടുവില്‍ കേവല ജ്ഞാനം നേടി. എ ഡി പത്താം നൂറ്റാണ്ട് തൊട്ട് 58 അടി ഉയരമുള്ള ഒരു പ്രതിമയായി. കാലില്‍ വള്ളികള്‍ പിണഞ്ഞ് ദിഗംബരനായി ഒരേ ഭാവത്തില്‍ മന്ദഹസിച്ച്
അയാള്‍ ഇങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നതിന് താഴെ, മനുഷ്യര്‍ പുഴുക്കളായി . കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം ബാഹുബലിയുടെ കഠിനമായ സന്ദേശമായി. മലയില്‍ നിന്ന് നോക്കിയാല്‍ വേറെയും പര്‍വ്വതങ്ങളും തടാകങ്ങളും കാണാം.

 

ഹാസനിലെയും ചന്നരായ പട്ടണത്തിലെയും നെല്‍പ്പാടങ്ങളും ചോളവയലുകളും കരിമ്പിന്‍ പാടങ്ങളും കാണാം. ആത്മപീഡക്കല്ലാതെ അദ്ധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ പച്ചപ്പും പക്ഷിക്കണ്ണിലൂടെ കാണാം. കാഴ്ചയ്ക്കപ്പുറം മലയില്‍ ഉപേക്ഷിച്ചു പോയ മൂന്ന് വാക്കുകള്‍ ആരും കണ്ടിട്ടുണ്ടാവില്ല – അഹിംസ, സത്യസന്ധത, ആത്മത്യാഗം. പുതിയ അര്‍ത്ഥത്തില്‍ അതിന്റെ വിപരീതങ്ങള്‍ തലയിലൊട്ടിച്ച തീര്‍ത്ഥങ്കരന്മാരായി മല കയറുന്നതിലെ അര്‍ത്ഥശൂന്യത കാല് പൊള്ളിക്കും, കയറുമ്പോഴും ഇറങ്ങുമ്പോഴും. നമുക്ക് പ്രതിമകള്‍ മതിയല്ലോ!