കരുനാഗപ്പള്ളി ക്ലാപ്പയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ സൗദിയില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ച പ്രതിയെ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. തന്റെ മകള്‍ മരണപ്പെട്ടതിന്റെ പിന്നിലെ ശക്തികള്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയാണുള്ളതെന്നും മറിച്ചൊരനുഭവമുണ്ടായാല്‍ ഒരുമിച്ച് ജീവനൊടുക്കുമെന്നും മാതാവ് പറഞ്ഞു.

കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നേത്യത്വത്തിലുള്ള സംഘമാണ് റിയാദില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കൊല്ലത്ത് എത്തിച്ചത്. പ്രതിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധന നടത്തിയാണ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. തങ്ങള്‍ക്ക് പല വാഗ്ദാനങളും നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് മരണപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

2017 ലാണ് കേസിനാസ്പദമായ സംഭവം. റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.അന്വേഷണം നടക്കുന്നതിനിടെ പ്രതി സുനില്‍കുമാര്‍ വിദേശത്തേക്ക് കടന്നു. വിദേശത്ത് ഒളിവില്‍ കഴിയുകയായുരുന്ന പ്രതിയെ പിടികൂടാന്‍ കമ്മീഷണര്‍ക്കൊപ്പം കൊല്ലം ജില്ലാ ക്രൈം റെക്കാര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എം.അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍.പ്രകാശ് എന്നിവരും ഉണ്ടായിരുന്നു.