ഗ്രാമീണ മേഖലയില്‍ കോടിക്കണക്കിനാളുകള്‍ക്ക് വരുമാനം ഉറപ്പുവരുത്തുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇതിലേക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പദ്ധതിതന്നെ ഇല്ലാതാക്കുമെന്ന വെളിപ്പെടുത്തല്‍.ലോക്‌സഭയില്‍ ഗ്രാമവികസന- കൃഷി വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി നരേന്ദ്ര സിങ് തോമറാണ് തൊഴിലുറപ്പ് പദ്ധതി എക്കാലത്തേയ്ക്കുമായി തുടരില്ലെന്ന് പ്രഖ്യാപിച്ചത്. മോഡി സര്‍ക്കാരിന്റെ ലക്ഷ്യം ദാരിദ്ര്യനിര്‍മാര്‍ജനമാണ്. ആ ദിശയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് ഈ പദ്ധതി തുടരാനാകില്ലെന്നും മന്ത്രി ന്യായീകരിച്ചു.

തൊഴിലുറപ്പുപദ്ധതിക്കുള്ള വിഹിതത്തില്‍ 1084 കോടിരൂപ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 2018-19ല്‍ തൊഴിലുറപ്പുപദ്ധതിക്ക് 61084 കോടിരൂപയാണ് അനുവദിച്ചത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വിഹിതം അറുപതിനായിരം കോടിരൂപയാണ്. 2017-18ല്‍ 68107.86 കോടിരൂപ നീക്കിവച്ചിടത്താണിത്.

തൊഴിലുറപ്പുപദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചുവെന്ന ആക്ഷേപം ശരിയല്ലെന്ന് മന്ത്രി അവകാശപ്പെട്ടു. 2018-19ലെ ബജറ്റ് വിഹിതവുമായി താരതമ്യപ്പെടുത്തിയാല്‍ പദ്ധതിയുടെ മൊത്തം ബജറ്റ് വിഹിതം 2018-19ലെ 55,000 കോടി രൂപയില്‍നിന്ന് അറുപതിനായിരം കോടിരൂപയായി ഉയര്‍ന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ 99 ശതമാനം തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് വേതനം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2014 ല്‍ അധികാരത്തിലേറിയപ്പോള്‍തന്നെ തൊഴിലുറപ്പു പദ്ധതിക്കെതിരായ നിലപാട് മോഡി വ്യക്തമാക്കിയിരുന്നു. ദാരിദ്ര്യം കൈകാര്യം ചെയ്യുന്നതില്‍ കഴിഞ്ഞ 60 വര്‍ഷക്കാലയളവില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് തൊഴിലുറപ്പു പദ്ധതിയെന്നാണ് മോഡി വിശേഷിപ്പിച്ചത്. അതുകൊണ്ട് ആടിയും പാടിയും പെരുമ്പറ മുഴക്കിയും താന്‍ ഈ പദ്ധതി തുടരുമെന്നും അന്ന് മോഡി പരിഹാസരൂപേണ പറഞ്ഞിരുന്നു.