കോണ്‍ഗ്രസിലെ കൂറുമാറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ തുടങ്ങിയതാണ്. പക്ഷേ, തെരഞ്ഞെടുപ്പാനന്തര കാലത്ത് അതൊരു മലവെള്ളപ്പാച്ചിലായിത്തീര്‍ന്നിരിക്കുന്നു. ബിജെപിയിലേക്ക് കൂറുമാറുന്ന വ്യക്തികളായ നേതാക്കളും ജനപ്രതിനിധികളും എന്ന നില വിട്ട്, കൂറുമാറ്റംതന്നെ കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം നിയമവിധേയമാകുംവിധം അതിന്റെ തീവ്രത വര്‍ധിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഗോവയിലെ 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരും ബിജെപിയിലേക്ക് ചാടി. അത് അംഗങ്ങളുടെ എണ്ണത്തില്‍ മൂന്നില്‍ രണ്ടായതുകൊണ്ട് കൂറുമാറ്റ നിയമപ്രകാരം, കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചതായാണ് കണക്കാക്കുക.
നേരത്തെ തെലങ്കാനയിലെ 12 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരും ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)യില്‍ ചേര്‍ന്നു. അതും ടിആര്‍എസിലേക്കുള്ള ലയനമായാണ് കണക്കാക്കിയത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസുകാരനായ പ്രതിപക്ഷ നേതാവും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. ഗുജറാത്തിലാണെങ്കില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പേതന്നെ നാല് കോണ്‍ഗ്രസംഗങ്ങളെ കൂറുമാറ്റാനുള്ള പരിപാടി ബിജെപി നടപ്പാക്കിക്കഴിഞ്ഞിരുന്നു. മൂന്നു ജെഡിഎസ് എംഎല്‍എമാരോടൊപ്പം അസംബ്ലിയില്‍നിന്ന് രാജിവച്ച ഒരു ഡസനോളം കോണ്‍ഗ്രസ് എംഎല്‍എമാരെയും കൂട്ടിക്കെട്ടി ബിജെപി മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കെത്തിച്ച ഏറ്റവും ഒടുക്കത്തെ ആ ദൃശ്യം, കോണ്‍ഗ്രസ് എന്ന കക്ഷിയെ സ്വാര്‍ഥ താല്‍പ്പര്യവും അവസരവാദവും അധികാരത്തിനുള്ള അത്യാര്‍ത്തിയും എങ്ങനെ തകര്‍ത്തെറിയുന്നു എന്ന് കാട്ടിത്തരുന്നുണ്ട്.
കൂറുമാറ്റങ്ങളുടെ പ്രവാഹത്തിന് വേഗതയേറിയത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനുശേഷമാണ്. സംഗതികളിങ്ങനെ താറുമാറാക്കിയതിന്റെ പ്രത്യക്ഷകാരണം ഇതാണെങ്കിലും, കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് കുറെക്കൂടി ആഴത്തിലുള്ള കാരണങ്ങളുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, ബിജെപിക്കെതിരെയുള്ള ഒരു മതനിരപേക്ഷ ജനാധിപത്യ ബദലാണെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ രണ്ടു കക്ഷിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിലൂടെ ഇത് പൂര്‍ണമായും വ്യക്തമായി.
പ്രത്യയശാസ്ത്രതലത്തിലാകട്ടെ, കോണ്‍ഗ്രസ് ഹിന്ദുത്വ അക്രമാസക്തതയ്ക്കുമുമ്പില്‍ കീഴടങ്ങിക്കൊണ്ട് ഒരു മൃദു ഹിന്ദുത്വഭാവമാണ് കൈക്കൊണ്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുപ്രചാരണത്തിന് പോയിടത്തെല്ലാം നടത്തിയ അസംഖ്യം ക്ഷേത്രസന്ദര്‍ശനങ്ങള്‍തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഗോ സംരക്ഷണ നടപടികളും വേദപഠന സൗകര്യങ്ങളും മതപരമായ തീര്‍ഥാടന പ്രോത്സാഹനവും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. ഗോവധത്തിന്റെ പേരിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആള്‍ക്കൂട്ടാക്രമണത്തിന്റെ പേരിലും നിരപരാധികള്‍ കൊലചെയ്യപ്പെടുന്ന കാര്യം ഒരിടത്തും കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്നില്ല. ബിജെപിയുടെ കടുത്ത ഹിന്ദുത്വ ദേശീയതാവാദപ്രചാരണത്തിന് ഒരു മറുപടിയുമില്ല കോണ്‍ഗ്രസിന്.
ബിജെപിക്ക് ചുറ്റുമായി ഭരണവര്‍ഗത്തിന് സമവായം ഉണ്ടാക്കിയെടുക്കാനായതിന്റെ ഘനീഭാവമാണ് മോഡിയുടെ രണ്ടാം വരവില്‍ തെളിയുന്നത്. വന്‍കിട ബൂര്‍ഷ്വാ -ഭൂപ്രഭു വര്‍ഗങ്ങളുടെ പ്രധാന കക്ഷിയായി മാറിയിരിക്കുന്നു ബിജെപി. ഈ വര്‍ഗപരമായ പരിവര്‍ത്തനം കോണ്‍ഗ്രസ് കക്ഷിക്കകത്തും പ്രതിഫലിക്കുന്നുണ്ട്. ആ പാര്‍ടിയില്‍ വന്‍കിട മുതലാളിമാരെയും ഗ്രാമീണ സമ്പന്നരെയും പ്രതിനിധാനം ചെയ്യുന്നവരൊക്കെയും ഇപ്പോള്‍ ബിജെപിയിലേക്ക് ചായുകയാണ്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട ഒരു ഡസനോളം എംഎല്‍എമാരുടെ കാര്യം ഒന്നപഗ്രഥിച്ചാല്‍ ഇത് വ്യക്തമാകും. അവരില്‍ മിക്കവരും റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, മൈനിങ് മേഖലയിലെ മുതലാളിമാരോ അല്ലെങ്കില്‍ ധനിക കര്‍ഷകരോ ആണ്. ഉദാഹരണത്തിന്, ബെല്ലാരിയിലെ ആനന്ദ് സിങ് ഇരുമ്പൈയിര് ഖനന ബിസിനസിലാണ്. എസ് ടി സോമശേഖര്‍ റിയല്‍ എസ്റ്റേറ്റ് – കണ്‍സ്ട്രക്ഷന്‍, സിവില്‍ കരാര്‍ മേഖലയിലാണ്. രമേഷ് ജാര്‍കിഹോളിക്കിന് പഞ്ചസാര ഫാക്ടറിയും മറ്റ് ബിസിനസുകളുമാണ്. അസംബ്ലിയിലെ അതിസമ്പന്നനായ റിയല്‍ എസ്റ്റേറ്റ് ഉടമ എം ടി ബി നാഗരാജ് 1015 കോടിരൂപയുടെ ആസ്തിയാണ് കാട്ടിയിരിക്കുന്നത്. ഇത്തരത്തില്‍ ബിസിനസ് താല്‍പ്പര്യങ്ങളുള്ള നിയമസഭാ സാമാജികരാണ്, മറ്റ് ചില അവസരവാദികള്‍ക്കൊപ്പം ബിജെപിയിലേക്ക് നേരേ ചാടുന്നത്.
ഇത് വെളിപ്പെടുത്തുന്നത്, ഇന്ത്യന്‍ രാഷ്ട്രീയത്തെയും നമ്മുടെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെയും ബാധിക്കുന്ന മറ്റൊരു വിപുല പ്രതിഭാസത്തെയാണ്. നിയോലിബറല്‍ ഭരണക്രമം ജനാധിപത്യത്തിലും രാഷ്ട്രീയത്തിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കഴിഞ്ഞ ഒരു ദശകത്തിലേറെയായി സിപിഐ എം മുന്നറിയിപ്പ് നല്‍കിവരികയായിരുന്നു. ബിസിനസും രാഷ്ട്രീയവും തമ്മിലുള്ള അവിഹിതബന്ധം പഞ്ചായത്ത് സ്ഥാപനങ്ങള്‍മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാ തലങ്ങളിലും വളരെ പ്രബലമായിരിക്കുന്നു.
ബൂര്‍ഷ്വാ പാര്‍ടികളില്‍ കൂടുതല്‍ വന്‍കിട മുതലാളിമാരും ബിസിനസുകാരും സ്ഥാനാര്‍ഥികളാകാനും നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെടാനും തുടങ്ങിയിരിക്കുന്നു. അവര്‍ സര്‍ക്കാരുകളില്‍ മന്ത്രിമാരായി വരുന്നു. ബിസിനസുകാരായ എംപിമാര്‍ 1991 ല്‍ 14 ശതമാനമായിരുന്നത് 2014 ആകുമ്പോഴേക്കും 26 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇത് കൂടുതല്‍ വര്‍ധിച്ചിരിക്കാനാണിടയുള്ളത്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയവും ബിസിനസും പരസ്പരം പിണഞ്ഞുകിടക്കുന്നവയാണ്.
കോണ്‍ഗ്രസിന്റെ മുന്നിലുള്ള യഥാര്‍ഥ പ്രതിസന്ധി ഒരു പുതിയ പ്രസിഡന്റിനെ കണ്ടെത്തുക എന്നതല്ല. അത് പ്രധാനം തന്നെയാണ്. പക്ഷേ, അതിലും പ്രധാനമായ കാര്യം, ഹിന്ദുത്വ വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചാമനോഭാവത്തില്‍നിന്ന് മാറി കൃത്യമായ മതനിരപേക്ഷതാ നിലപാടെടുക്കാത്തിടത്തോളംകാലം, കോണ്‍ഗ്രസ് ക്ഷയിക്കാനും ബിജെപിയുടെ നിറംമങ്ങിയ അനുകരണമാകാനുമാണ് പോകുന്നത് എന്നതാണ്
നിയോലിബറല്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്ര പ്രത്യയശാസ്ത്ര വിമുക്തിയാണ്. ബിസിനസ് താല്‍പ്പര്യത്തെ പൊതുസേവനത്തിനുമേലെ പ്രതിഷ്ഠിക്കലാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരാണ് കോണ്‍ഗ്രസിലും മറ്റ് ബൂര്‍ഷ്വാ പാര്‍ടികളിലും പെരുകിക്കൊണ്ടിരിക്കുന്നത്. ബിജെപിയാകട്ടെ, അത്തരക്കാരെ വന്‍തോതില്‍ തങ്ങളുടെ പാര്‍ടിയിലേക്ക് കോ ഓപ്റ്റ് ചെയ്യുകയാണ്. ഇത്തരം അവസരവാദ രാഷ്ട്രീയത്തിന് ബിജെപി ഭാവിയില്‍ കനത്ത വില നല്‍കേണ്ടിവരും.
കോണ്‍ഗ്രസിന്റെ മുന്നിലുള്ള യഥാര്‍ഥ പ്രതിസന്ധി ഒരു പുതിയ പ്രസിഡന്റിനെ കണ്ടെത്തുക എന്നതല്ല. അത് പ്രധാനം തന്നെയാണ്. പക്ഷേ, അതിലും പ്രധാനമായ കാര്യം, ഹിന്ദുത്വ വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചാമനോഭാവത്തില്‍നിന്ന് മാറി കൃത്യമായ മതനിരപേക്ഷതാ നിലപാടെടുക്കാത്തിടത്തോളംകാലം, കോണ്‍ഗ്രസ് ക്ഷയിക്കാനും ബിജെപിയുടെ നിറംമങ്ങിയ അനുകരണമാകാനുമാണ് പോകുന്നത് എന്നതാണ്. മാത്രവുമല്ല, നിയോലിബറല്‍ നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ നയങ്ങള്‍ അതിന്റെ സ്വഭാവത്തെത്തന്നെ കാര്‍ന്നുതിന്നുന്നുണ്ട്. അതിനെ സ്വന്തം കാര്യം നോക്കുന്നവരുടെ കൂടാരമായി മാറ്റുന്നുമുണ്ട്.
കോണ്‍ഗ്രസിന്, തങ്ങള്‍ ആശ്ലേഷിച്ച നിയോലിബറലിസത്തില്‍നിന്ന് വ്യത്യസ്തമായി ഒരു സാമൂഹ്യ -സാമ്പത്തിക ദര്‍ശനം മുന്നോട്ടുവയ്ക്കാനാകുമോ? ഇതാണ് കോണ്‍ഗ്രസ് പാര്‍ടിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കോണ്‍ഗ്രസിന്റെ ഭാവി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here