സ്രഷ്ടാവ് ഏഴാം ദിവസം വിശ്രമിച്ചു. മാധ്യമങ്ങളിലെ അപവാദപ്രചാരകര്‍ക്ക് വിശ്രമമില്ല; സാത്താനെപ്പോലെ അവര്‍ ഉറങ്ങാതെ കര്‍മനിരതരായിരിക്കുന്നു; ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ നിരീക്ഷണം

ഒരു നുണയുടെ ആവര്‍ത്തനത്തേക്കാള്‍ പലര്‍ ചേര്‍ന്നുള്ള കാര്‍പെറ്റ് ബോംബിങ്ങാണ് ഫലപ്രദമെന്ന തിരിച്ചറിവില്‍ കേരളത്തിലെ വാര്‍ത്താ നിര്‍മാതാക്കള്‍ ഗീബല്‍സിനെ തിരുത്തുന്നു. പത്തു പേര്‍ ഒരുമിച്ചൊരു നുണ പറയുകയെന്നതാണ് പുതിയ രീതി – ‘ദേശാഭിമാനി’യില്‍ എഴുതിയ ലേഖനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമനിരീക്ഷകനും കൂടിയായ അദ്ദേഹം വിശദീകരിക്കുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:

സ്രഷ്ടാവ് ഏഴാം ദിവസം വിശ്രമിച്ചു. മാധ്യമങ്ങളിലെ അപവാദപ്രചാരകര്‍ക്ക് വിശ്രമമില്ല. സാത്താനെപ്പോലെ അവര്‍ ഉറങ്ങാതെ കര്‍മനിരതരായിരിക്കുന്നു. ആവര്‍ത്തനത്തിന്റെ പ്രയോജനപരതയില്‍ ഗീബല്‍സിനെപ്പോലെ അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഒരു നുണയുടെ ഏകതാനമായ ആവര്‍ത്തനത്തേക്കാള്‍ പലര്‍ ചേര്‍ന്നുള്ള കാര്‍പെറ്റ് ബോംബിങ്ങാണ് ഫലപ്രദമെന്ന തിരിച്ചറിവില്‍ കേരളത്തിലെ വാര്‍ത്താനിര്‍മാതാക്കള്‍ ഗീബല്‍സിനെ തിരുത്തുന്നു. ഒരു നുണ പത്ത് പ്രാവശ്യമെന്നതല്ല, പത്തു പേര്‍ ഒരുമിച്ചൊരു നുണ പറയുകയെന്നതാണ് പുതിയ രീതി. അപ്പോഴും അവര്‍ മര്‍ഡോക്കിനെ മറക്കുന്നില്ല.

എത്ര ലക്ഷണമൊത്തതെങ്കിലും വാര്‍ത്തയുടെ ആയുസ്സ് രണ്ടു ദിവസത്തിലധികം പാടില്ലെന്നതാണ് മര്‍ഡോക്കിന്റെ സിദ്ധാന്തം. മര്‍ഡോക്കിനോ അദ്ദേഹത്തിനുമുമ്പ് ക്യൂബയില്‍ യുദ്ധമുണ്ടാക്കാന്‍ മുന്‍കൂറായി ഫോട്ടോഗ്രാഫറെ അയച്ച വില്യം റാന്‍ഡോള്‍ഫ് ഹേഴ്റ്റിനോ കഴിയാതിരുന്ന കാര്യങ്ങളാണ് നമ്മുടെ ചില മാധ്യമപ്രവര്‍ത്തകര്‍ നിലാക്കോഴികളെപ്പോലെ നടത്തിക്കൊണ്ടിരിക്കുന്നത്. അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയോടെ ദിനാരംഭത്തില്‍ ശേഖരണത്തിനിറങ്ങുന്നവര്‍ അന്തിച്ചര്‍ച്ചയ്ക്ക് വിളമ്പുന്ന വാര്‍ത്താ ഷവര്‍മ ത്യാജ്യഗ്രാഹ്യവിവേചനമില്ലാതെ കഴിച്ചാല്‍ അജീര്‍ണം ഉറപ്പ്. സത്യാനന്തരകാലത്ത് വിവിധോദ്ദേശ്യങ്ങളോടെ നിര്‍മിക്കപ്പെടുന്ന അസത്യങ്ങളാല്‍ പങ്കിലമായിരിക്കുന്നു വിശ്വസനീയമായിരിക്കേണ്ട മാധ്യമപ്രവര്‍ത്തനം.

കേവലം ഒരു വ്യാജവാര്‍ത്തയുടെ പേരില്‍ ദേശീയ പത്രമായ മാതൃഭൂമിക്കെതിരെ ഇടതുപക്ഷ യാത്രികരും സഹയാത്രികരും വ്യാജവിവാദമുണ്ടാക്കുന്നതായി ആക്ഷേപമുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ എന്ന അടിക്കുറിപ്പോടെ പരീക്ഷയുമായി ബന്ധമില്ലാത്ത ഏതോ കടലാസിന്റെ ചിത്രം മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. പ്രതിഷേധം കനത്തപ്പോള്‍ ജാള്യത ഒഴിവാക്കാനായി ചിത്രവും അടിക്കുറിപ്പും നിരുപാധികം പിന്‍വലിച്ചു. അത്യപൂര്‍വമായി പത്രാധിപര്‍ ഒന്നാം പേജില്‍ പ്രസിദ്ധപ്പെടുത്തിയ ഖേദപ്രകടനത്തില്‍ തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചതുവഴി വായനക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. അതോടൊപ്പം ആശയക്കുഴപ്പത്തെ ന്യായീകരിക്കുന്നതിന് മാതൃഭൂമിക്ക് വിശദമായ മുഖപ്രസംഗംതന്നെ എഴുതേണ്ടിവന്നു. പത്രമായാല്‍ തെറ്റുണ്ടാകാം. തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ തിരുത്തണം. അത് മാധ്യമമര്യാദ. അതേസമയം ഏതൊരു അമിതാവേശത്തിന്റെ പേരിലാണോ ഇത്തരം തെറ്റുകള്‍ സൃഷ്ടിക്കപ്പെടുന്നത് അതത്രയും യഥാര്‍ഥ പത്രത്തിന്റെ ശക്തിയായി കരുതപ്പെടുന്ന വിശ്വാസ്യതയെ ചോര്‍ത്തിക്കളയുമെന്ന അപകടകരമായ സാധ്യത മാധ്യമങ്ങള്‍ തിരിച്ചറിയണം.

യൂണിവേഴ്‌സിറ്റി കോളേജില്‍ അവശ്യം നടക്കേണ്ടിയിരുന്ന മാലിന്യനിര്‍മാര്‍ജനം അപലപനീയവും ശിക്ഷാര്‍ഹവുമായ ക്രൂരസംഭവത്തെത്തുടര്‍ന്ന് നടപ്പാക്കിത്തുടങ്ങിയതില്‍ ആര്‍ക്കും എതിര്‍പ്പില്ല. മാധ്യമങ്ങള്‍ അതിന് നല്ല നിലയില്‍ പിന്തുണ നല്‍കുന്നുണ്ട്. മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്ന അജന്‍ഡയില്‍ തെളിയുന്നത് ശുദ്ധീകരണത്തിനും നിര്‍മാണത്തിനും വേണ്ടിയുള്ള നിര്‍മലമായ മനസ്സല്ല. തൊഴുത്തിന്റെ നിലനില്‍പ്പും കാലികളുടെ ജീവനും സംരക്ഷിച്ചുകൊണ്ടായിരുന്നു ഹെര്‍ക്കുലീസ് ഈജിയന്‍ തൊഴുത്തിന്റെ ശുദ്ധീകരണം നിര്‍വഹിച്ചത്. അതിനുപകരം വാര്‍ത്താമാലിന്യത്തിന്റെ കുത്തൊഴുക്കില്‍ സമ്പൂര്‍ണമായ ‘ശത്രു’സംഹാരമാണ് മാധ്യമങ്ങള്‍ ഉന്നംവയ്ക്കുന്നത്.

പട്ടിയെ പേപ്പട്ടിയെന്നുവിളിച്ച് അനഭിമതമാക്കുന്ന കലയില്‍ പൊതുജനങ്ങള്‍ക്കൊപ്പം വ്യുല്‍പ്പത്തി നേടിയിട്ടുള്ളവയാണ് മാധ്യമങ്ങള്‍. അങ്ങനെയാണ് ‘വാതിലുകള്‍ ഇല്ലാത്ത’ യൂണിയന്‍ ഓഫീസ് ‘ഇടിമുറി’യായത്. ഒരു സ്വാശ്രയ മാനേജ്‌മെന്റുമായി ബന്ധപ്പെടുത്തി ഈ പേര് നമ്മള്‍ നേരത്തെ കേട്ടിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ വ്യാപാരികളുമായി നിരന്തരം പോരടിക്കുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തെ അനഭിമതമാക്കുന്നതിന് അതേ പേരുതന്നെ ഉപയോഗിക്കുന്ന മാധ്യമകുശലത അഭിനന്ദനീയമാണ്. ആ മുറിയില്‍ വീണതും വീഴാന്‍ പാടില്ലാത്തതുമായ ചോര ഏതുവിധത്തിലുള്ള അധിക്ഷേപത്തെയും ന്യായീകരിക്കുമെന്നതുകൊണ്ടുമാത്രം പറഞ്ഞുപറഞ്ഞ് അറ്റമില്ലാത്ത അറ്റംവരെ പോകാമെന്ന് ആരും ധരിക്കരുത്. കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പൂട്ടാനെത്തിയപ്പോഴാണ് ഇടിമുറിക്ക് വാതിലുകള്‍ ഇല്ലെന്ന് മനസ്സിലായത്. വാതിലുകള്‍ ഇല്ലാത്ത ഈ മുറിയിലാണ് ആലിബാബ കണ്ടെത്തിയ നാല്‍പ്പതു കള്ളന്മാരുടെ ഗുഹയിലെന്നപോലെ കളവുമുതല്‍ സൂക്ഷിച്ചിരുന്നത്. ഇവിടെത്തന്നെയാണ് സമാന്തര പരീക്ഷാ കേന്ദ്രവും മര്‍ദനശാലയും പ്രവര്‍ത്തിച്ചിരുന്നത്. പൊലീസ് സഹായത്തോടെ നടന്ന ആദ്യപരിശോധനയിലും സൂക്ഷ്മമായ മാധ്യമനിരീക്ഷണത്തിലും കാണാതിരുന്ന പലതും പിന്നീട് അവിടെ കാണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് അഭിപ്രായപ്പെട്ടത് കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ തന്നെയാണ്. അപ്രകാരം ദുരൂഹമായി കണ്ടെത്തിയ കടലാസിന്റെയും മുദ്രയുടെയും കാര്യമാണ് ദേശാഭിമാനിയുടെ ചൊവ്വാഴ്ചത്തെ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത്. അത് മാതൃഭൂമിയുടെ തെറ്റിന് ന്യായീകരണമാകുന്നില്ല.

ഉത്തരമെഴുതുന്നതിന് സര്‍വകലാശാല വിതരണം ചെയ്യുന്ന വെള്ളക്കടലാസാണ് ഉത്തരക്കടലാസ് എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്നത്. അതിന് എണ്ണവും കണക്കും കൃത്യമായ വിതരണരീതിയുമുണ്ട്. ആവശ്യം കഴിഞ്ഞ് ബാക്കിവരുന്നത് തിരിച്ചേല്‍പ്പിക്കണം. തന്റെ ഭരണകാലത്ത് അപ്രകാരം ചെയ്തിരുന്നുവോ എന്ന് ഇപ്പോള്‍ എസ്എഫ്‌ഐയുടെ ഇന്‍ക്വിസിറ്ററായി രംഗത്തെത്തിയിരിക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിക്കേണ്ടതാണ്.

മൂന്നാംമുറ ഒഴിവാക്കുന്നതിന് ഇനി പൊലീസേ വേണ്ടെന്നു പറയുമ്പോലുള്ള വിധ്വംസകമായ സമീപനമാണ് കോളേജിലെ അനാശാസ്യതയുടെ പേരില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഇന്ന് എസ്എഫ്‌ഐയെ തകര്‍ത്താല്‍ നാളെ സിപിഐ എം ഉണ്ടാകില്ലെന്ന് അവര്‍ കരുതുന്നുണ്ടാകും. സംഘടനയും യൂണിയന്‍ പ്രവര്‍ത്തനവും ക്യാമ്പസുകളില്‍ വേണ്ടെന്ന ആവശ്യവുമായി ചിലര്‍ ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു.

മൂന്നാംമുറ ഒഴിവാക്കുന്നതിന് ഇനി പൊലീസേ വേണ്ടെന്നു പറയുമ്പോലുള്ള വിധ്വംസകമായ സമീപനമാണ് കോളേജിലെ അനാശാസ്യതയുടെ പേരില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഇന്ന് എസ്എഫ്‌ഐയെ തകര്‍ത്താല്‍ നാളെ സിപിഐ എം ഉണ്ടാകില്ലെന്ന് അവര്‍ കരുതുന്നുണ്ടാകും. സംഘടനയും യൂണിയന്‍ പ്രവര്‍ത്തനവും ക്യാമ്പസുകളില്‍ വേണ്ടെന്ന ആവശ്യവുമായി ചിലര്‍ ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു. ലഹരിയും വര്‍ഗീയഭ്രാന്തും നുരയുന്ന പ്രാകൃതമായ ഇടങ്ങളാക്കി ക്യാമ്പസുകളെ മാറ്റാന്‍ ആഗ്രഹിക്കുന്ന ക്ഷുദ്രതാല്‍പ്പര്യങ്ങളുടെ സംരക്ഷകരായി മാധ്യമങ്ങള്‍ മാറരുത്. ക്യാമ്പസുകളില്‍ അസ്വാതന്ത്ര്യത്തിന്റെ വിലങ്ങുകള്‍ തീര്‍ക്കാന്‍ കൂട്ടുനിന്നാല്‍ നാളെ അവര്‍ തങ്ങള്‍ക്കുവേണ്ടിയും വിലങ്ങുകള്‍ തീര്‍ക്കുമെന്ന ചരിത്രസത്യം മാധ്യമപ്രവര്‍ത്തകര്‍ മറക്കരുത്.

ഒരു ബോംബ് പൊട്ടിയാലുടന്‍ പൗരസ്വാതന്ത്ര്യം അപ്പാടെ ഇല്ലാതാക്കണമെന്ന് വാദിക്കുന്നവരുണ്ട്. അവരാണ് കരിനിയമങ്ങളുടെ സ്രഷ്ടാക്കള്‍. യൂണിവേഴ്‌സിറ്റി കോളേജിലെ നൃശംസതയുടെ പേരില്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ അപ്പാടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനയെത്തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ്. പബ്ലിക് സര്‍വീസ് കമീഷന്‍ ഒരു ഭരണഘടനാസ്ഥാപനമാണ്. അവിടെ അരുതാത്തതു സംഭവിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടണം. സര്‍വകലാശാലയെ സംബന്ധിച്ചും ഈ തത്വം പ്രസക്തമാണ്. പഠിച്ചെഴുതുന്നവര്‍ പിന്തള്ളപ്പെടുകയും കൂട്ടംതെറ്റി ഓടുന്നവര്‍ മുന്നിലെത്തുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. പണ്ട് ഗുരുതരമായ മാര്‍ക്ക് തട്ടിപ്പു കേസ് അനാവരണം ചെയ്യപ്പെട്ടപ്പോള്‍ ആ പ്രതിസന്ധിയെ ഫലപ്രദമായി തരണംചെയ്യുന്നതിനുള്ള പ്രാപ്തി നമ്മുടെ നിയമസംവിധാനത്തിനുണ്ടായി.

യൂണിവേഴ്‌സിറ്റി കോളേജില്‍ അവശ്യം വേണ്ടതായ തിരുത്തലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാരും സര്‍വകലാശാലയും ഇക്കാര്യത്തില്‍ കാണിക്കുന്ന ഉണര്‍വിന് മാധ്യമങ്ങളുടെ ഇടപെടല്‍ സഹായകമായിട്ടുണ്ട്. ശുഷ്‌കാന്തി എസ്എഫ്‌ഐയെ തകര്‍ക്കുന്നതിനുള്ള അമിതാവേശമായും സിപിഐ എമ്മിനെ അടിക്കുന്നതിനുള്ള വടിയായും മാറരുത്. ന്യൂസ് റൂമുകള്‍ ഭരണഘടനാപരമായ അവകാശം നിറവേറ്റുന്ന പാവനമായ ഇടമാണ്. അവ ഇടിമുറികളാകരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News