കളിക്കിടെ പന്തുകൊണ്ട് ബാറ്റ്‌സ്മാന് പരുക്കേറ്റാല്‍ ഇനി പകരക്കാരനെ ഇറക്കാം

ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നടപ്പാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനം. മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ തലയില്‍ പന്തിടിച്ചു പരുക്കേറ്റാല്‍ മറ്റൊരു താരത്തെ പകരക്കാരനായി ഇറക്കുന്ന നിയമത്തെയാണു കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ എന്നു വിളിക്കുന്നത്.

പരുക്കേറ്റ താരത്തെ പിന്‍വലിച്ചതിനുശേഷം പകരക്കാരനായി പുതിയ താരത്തെ ഇറക്കുന്നതാണു നിയമം.ഈ സാഹചര്യത്തില്‍ പകരക്കാരനായി കളിക്കുന്ന താരത്തിനു ബാറ്റിങ്ങും ബോളിങും ചെയ്യാന്‍ തടസ്സമുണ്ടാകില്ല.

വരുന്ന ഓഗസ്റ്റില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ പരീക്ഷിച്ച് നടപ്പിലാക്കിയതിനുശേഷം ക്രമേണ എല്ലാ ഫോര്‍മാറ്റുകളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും.ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ 2017 മുതല്‍ പരീക്ഷിച്ചു വിജയിച്ചതിനുശേഷമാണു രാജ്യാന്തര മത്സരങ്ങളിലേക്കും നിയമം വ്യാപിപ്പിക്കുന്നത്.

അതേസമയം ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ 2016 മുതല്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്.
2014 നവംബറില്‍ നടന്ന ആഭ്യന്തര മത്സരത്തില്‍ ബാറ്റിങ്ങിനിടെ തലയില്‍ പന്തുകൊണ്ട് ഓസീസ് താരം ഫിലിപ് ഹ്യൂസ് മരിച്ചതിനുശേഷമാണു പരുക്കേല്‍ക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കു പകരക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഐസിസി ഗൗരവമായി പരിഗണിച്ചു തുടങ്ങിയത്.തീരുമാനം ഉടന്‍ നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്.

അങ്ങനെയെങ്കില്‍ ലോക ടെസ്റ്റ് സീരിസിലെ എല്ലാ മത്സരങ്ങളിലും പുതിയ പരിഷ്‌കാരവും ഉണ്ടാകും. ഈ വര്‍ഷം നടന്ന ശ്രീലങ്കയുടെ ഓസീസ് പര്യടനത്തിനിടെ കുശാല്‍ മെന്‍ഡിസ്, ദിമുത് കരുണരത്‌നെ എന്നിവരെ തലയില്‍ പന്തിടിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലാക്കിയിരുന്നു. ലോകകപ്പിനിടെയും തലയ്ക്ക് ഏറുകൊണ്ടു പല താരങ്ങള്‍ക്കും പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here