കേരള സര്‍വകലാശാല ഉത്തരക്കടലാസ് പുറത്തുപോയ സംഭവം സിന്‍ഡിക്കേറ്റ് അന്വേഷിക്കും

കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പുറത്ത്‌പോയ സംഭവം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗ തീരുമാനം. ഡോ.കെ.ബി മനോജിന്റെ അധ്യക്ഷതയിലുള്ള ഉപസമിതിയാകും അന്വേഷിക്കുക. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസും വ്യാജ സീലും കണ്ടെത്തിയ സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടും. സര്‍വകലാശായില്‍ വിജിലന്‍സ് വിംഗ് രൂപീകരിക്കാനും ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

23.7.2015 മുതല്‍ 1.4.2016 വരെ പല ഘട്ടങ്ങളിലായി നല്‍കിയ ഉത്തരക്കടലാസുകളാണ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഒപ്പം ഫിസിക്കല്‍ എഡ്യൂക്കേഷന്റെ വ്യാജ സീല്‍ കണ്ടെത്തിയത് ക്രമിനല്‍ കുറ്റമാണ്. ഈ സാഹചര്യത്തിലാണ് വ്യാജരേഖ ചമയ്ക്കല്‍, മോഷണ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായി അംഗം ബാബുജന്‍ പറഞ്ഞു.

സര്‍വകാശാല കോളജിേലേക്ക് നല്‍കിയ ഉത്തരക്കടലാസുകള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതില്‍ യൂണിവേഴ്‌സിറ്റി കോളേജിന് വീഴ്ച ഉണ്ടായി. ഉത്തരക്കടലാസ് പുറത്ത്‌പോയ സംഭവം അന്വേഷിക്കാന്‍ ഡോ.കെ.ബി മനോജിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയും രൂപീകരിച്ചു. എങ്ങനെ കോളേജ് അധികൃതരില്‍ നിന്ന് ഉത്തരക്കടലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടി എന്നതും അന്വേഷിക്കും. ചുരുങ്ങിയ സമയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പരീക്ഷ സാമഗ്രികള്‍ ഇനി മുതല്‍ സിസിടിവി ഉള്ള മുറികളില്‍ തന്നെ കോളജുകള്‍ സൂക്ഷിക്കണം. ഉപയോഗിക്കാത്ത ഉത്തരകടലാസുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അതാത് ദിവസം തന്നെ സര്‍വകലാശാലയെ അറിയിക്കണം. ഇത്തരത്തിലുള്ള പരാതികള്‍ പരിശോധിക്കാന്‍ വിജിലന്‍സ് വിംഗ് രൂപീകരിക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

എസ്പി തലത്തിലെ പോലീസ് ഉദ്യോഗസ്ഥനെ വിട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. വീഴ്ച സംഭവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കും.നിലവിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍മാരുടേയും ചീഫ് സൂപ്രണ്ടുമാരുടേയും യോഗം വിളിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here