പി.എസ്.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിന്റെ മറവില്‍ പി.എസ്.സിയെ ആകെ ആക്ഷേപിക്കുന്ന വാര്‍ത്തകളാണ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നവോത്ഥാന മൂല്യസംരക്ഷണ സമതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനേകായിരങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. മാധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകും. കഴിഞ്ഞ ദിവസം നടന്ന പോലീസ് യോഗത്തില്‍ പോലീസുകാര്‍ ആര്‍.എസ്.എസിന്റെ ഒറ്റുകാരാണെന്ന് അഭിപ്രായപ്പെട്ടുവെന്നതരത്തിലാണ് ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നത്. ഇത് ശുദ്ധ കളവാണ്. പോലീസിന്റെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.