അസമില്‍ ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് ജനങ്ങള്‍. ജനവാസകേന്ദ്രങ്ങളില്‍ മാത്രമല്ല നാഷ്ണല്‍ പാര്‍ക്കും വെള്ളത്തിനടിയിലായിരിക്കുകയാണ്. കാസിരംഗ നാഷ്ണല്‍ പാര്‍ക്കില്‍ വെള്ളം കയറിയതോടെ മൃഗങ്ങളും വെള്ളപ്പൊക്കത്തില്‍ വലഞ്ഞിരിക്കുകയാണ്.

കാസിരംഗ ദേശീയ പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട ഒരു കടുവയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെട്ട് എത്തിയ കടുവ അഭയം തേടിയെത്തിയത് ഒരു വീട്ടിലും. വീട്ടുമുറിയിലെ കിടക്കയില്‍ വിശ്രമിക്കുന്ന കടുവ ഇപ്പോള്‍ ഏവര്‍ക്കും സുപരിചിതമാണ്.

വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ട്വിറ്ററിലൂടെ ആദ്യമായി ഈ ചിത്രം പുറത്തുവിട്ടത്. പാര്‍ക്കില്‍ നിന്നും കടുവ പുറത്ത് ചാടിയതായുള്ള മുന്നറിയിപ്പും ജനങ്ങള്‍ക്ക് ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്. വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെക്കുറിച്ച് വീട്ടുമസ്ഥര്‍ തന്നെയാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്. കടുവയെ തിരിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിലാണിപ്പോള്‍ വനപാലകര്‍.

കടുവ ഉള്‍പ്പെടെ കാസിരംഗ നാഷണല്‍ പാര്‍ക്കിലെ നിരവധി മൃഗങ്ങളാണ് ഇതിനകം ചത്തത്. അനേകം മൃഗങ്ങളെ ഇവിടെ നിന്നും കാണാതായിട്ടുമുണ്ട്. ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങിയിരുന്നു.