കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല. സഭ നാളെ രാവിലെ 11 വരെ പിരിഞ്ഞു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താതെ സഭയില്‍ നിന്ന് പിരിഞ്ഞു പോകില്ലെന്ന് വ്യക്തമാക്കി ബിജെപി നിയമസഭാ ഹാളില്‍ പ്രതിഷേധിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചേക്കും.

സുപ്രീം കോടതി ഉത്തരവ് മുന്‍ നിര്‍ത്തി ക്രമപ്രശ്‌നം, എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയ ബിജെപിക്കെതിരെ പ്രതിഷേധം. വിശ്വാസ പ്രമേയത്തിന് മേല്‍ ചര്‍ച്ച നടക്കാഞ്ഞതോടെ സര്‍ക്കാരിന്റെ ആയുസ് വീണ്ടും നീണ്ടു. കക്ഷി നേതാവ് എന്ന നിലയില്‍ ഭരണഘടനയുടെ 10 ഷെഡ്യുള്‍ നല്‍കുന്ന അവകാശത്തിന്റെ ലംഘനമാണ് സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യത്തില്‍ വ്യക്തത വരും വരെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് ശരിയല്ലെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ വാദം

വിഷയത്തില്‍ സ്പീക്കര്‍ എജിയുടെ നിയമോപദേശം തേടി. ഉച്ചയ്ക്ക് ശേഷം എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ട് പോയെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

ഇതിനിടെ സഹായം തേടി ബിജെപി ഗവര്‍ണറെ കണ്ടു. തൊട്ട് പിന്നാലെ ഇന്ന് വോട്ടെടുപ്പ് നടത്തുന്നതാണ് ഉചിതം എന്ന് വ്യക്തമാക്കി സ്പീക്കര്‍ക്ക് ഗവര്‍ണറുടെ സന്ദേശം. എന്നാല്‍ ഇത് കോണ്‍ഗ്രസ് തള്ളി. ഒറ്റവരി പ്രമേയത്തിലൂടെയായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ വോട്ട് തേടിയത്.

സഭ ഇന്നത്തേക്ക് പിരിഞ്ഞുവെങ്കിലും വിഷയം നിയമ സങ്കീര്‍ണതയിലേക്ക് പോകാനും സാധ്യതയുണ്ട്. വിപ്പ് തന്നെ റദ്ദ് ചെയ്യപ്പെടുന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി കോണ്ഗ്രസും, ഉടന്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത. വിഷയത്തില്‍ ഇരു പാര്‍ട്ടികളും നിയമോപദേശം തേടിയിട്ടുണ്ട്.