ത്രിപുരയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി കൂടിക്കാഴ്ച്ചയ്ക്ക് എത്തിയ സിപിഐഎം രാജ്യസഭ അംഗം ജര്‍ണാ ദാസിനോട് ബിജെപിയില്‍ ചേരാന്‍ നിര്‍ദേശിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ.ഒരു മാര്‍സിസ്റ്റ്കാരന്‍ അവശേഷിച്ചാലും നിങ്ങള്‍ക്കെതിരെ പോരാടുമെന്ന് തിരിച്ചടിച്ച് ജര്‍ണാദാസ്. എം.പിമാരേയും എം.എല്‍.എമാരേയും വിലക്കെടുത്ത് ശീലിച്ച അമിത്ഷായ്ക്ക് മുഖത്തേറ്റ അടി പോലെയായി ത്രിപുരയിലെ ഏക രാജ്യസഭ അംഗമായ ജര്‍ണാദാസിന്റെ മറുപടി.

പതിനാറാം തിയതി വൈകുന്നേരം പാര്‍ലമെന്റിലെ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ മുന്‍കൂട്ടി അനുമതി ലഭിച്ച ശേഷം എത്തിയതായിരുന്നു ത്രിപുരയില്‍ നിന്നുള്ള സിപിഐഎം രാജ്യസഭ അംഗം ജര്‍ണാദാസ്. ത്രിപുരയിലെങ്ങും നടക്കുന്ന ബിജെപി അക്രമങ്ങള്‍ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യം.

എം.പിയെ കണ്ട അമിത്ഷാ ആദ്യ പറഞ്ഞത് ഇങ്ങനെ.സിപിഐഎം അവസാനിച്ചു. നിങ്ങള്‍ ഞങ്ങളുടെ പാര്‍ടിയില്‍ ചേരുക. കൂറ്മാറ്റത്തിന് പ്രലോഭിപ്പിക്കുന്ന ആഭ്യന്തരമന്ത്രിയുടെ നടപടിയില്‍ ആദ്യം അമ്പരന്നെങ്കിലും ബിജെപി ദേശിയ അദ്ധ്യക്ഷനെ കാണാനല്ല, ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയെ കാണാനാണ് എത്തിയതെന്ന് ജര്‍ണാദാസ് മറുപടി നല്‍കി. അവശേഷിക്കുന്ന ഏക മാര്‍സിസ്റ്റുകാരനായിരുന്നാലും നിങ്ങള്‍ക്ക് എതിരെ പോരാടുമെന്നും വ്യക്തമാക്കിയതായി ജര്‍ണാദാസ് പറഞ്ഞു.

ഇതോടെ നിലപാട് മാറ്റിയ അമിത്ഷാ ത്രിപുരയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള എം.പിയുടെ പരാതി കേള്‍ക്കാന്‍ തയ്യാറായി.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ അനുവദിക്കാതെ പാര്‍ടി പ്രവര്‍ത്തകരെ കൊല്ലപ്പെടുത്തുന്ന ബിജെപി പ്രവര്‍ത്തനങ്ങള്‍ അമിത്ഷായ്ക്ക് മുമ്പില്‍ എം.പി അക്കമിട്ട് നിരത്തി. അമിത്ഷായെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസിലിരിക്കുമ്പോള്‍ സമാജ്‌വാദി വിട്ട് ബിജെപിയില്‍ ചേക്കേറിയ രാജ്യസഭ അംഗം നീരജ് ശേഖറും മറ്റും വന്നും പോയിമിരുന്നു. രാജ്യസഭയില്‍ പാര്‍ടി അംഗബലം തികയ്ക്കാന്‍ പ്രതിപക്ഷ പാര്‍ടി എം.പിമാരെ കൂറ്മാറ്റുകയാണ് ബിജെപി.