കേരളത്തില്‍ മഴ ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത 50 കീലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രണ്ടു ദിവസമായി സംസ്ഥാനത്ത് പരക്കെ മഴ ശക്തിപ്രാപിക്കുകയാണ്.

പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്നും ഇടുക്കിയില്‍ ഇന്നും നാളെയും കണ്ണൂരില്‍ 21നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക – ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളും ജില്ലാ ഭരണകൂടവും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ആലപ്പുഴയില്‍ ഇന്നും എറണാകുളത്ത് ഇന്നും നാളെയും ഇടുക്കി, എറണാകുളം ജില്ലകളിലും 21നും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒപ്പം അതാത് ജില്ലാ ഭരണകൂടത്തോട് ആവശ്യമായി മുന്‍കരുതല്‍ നടപടി കൈകൊള്ളാനും നിര്‍ദേശം നല്‍കി.