കര്‍ണാടകം: ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണറുടെ അന്ത്യശാസനം; സര്‍ക്കാര്‍ വീണേക്കും

കര്‍ണാടകത്തില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വെള്ളിയാഴ്ച പകല്‍ 1.30 മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍. ഗവര്‍ണര്‍ വാജുഭായ് വാല ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യാഴാഴ്ച തന്നെ വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ഗവര്‍ണര്‍ നേരത്തെ സപീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് തള്ളിയാണ് സ്പീക്കര്‍ വോട്ടെടുപ്പ് നീട്ടിയത്. ഇതോടെ ഗവര്‍ണറുടെയും നിയമസഭയുടെയും അധികാര തര്‍ക്കം ഉടലെടുത്തു.

വ്യാഴാഴ്ച രാവിലെ പതിനൊന്നിനാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 11ന് സഭ വീണ്ടും സമ്മേളിക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ സത്യാഗ്രഹമിരിക്കുകയാണ്. എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അവകാശത്തില്‍ വ്യക്തതതേടി വെള്ളിയാഴ്ച കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കും.

ഒറ്റവരിയില്‍ വിശ്വാസപ്രമേയം

വ്യാഴാഴ്ച രാവിലെ തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തില്‍ ഒതുക്കിയായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. തങ്ങളുടെ എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ ബഹളംവച്ചു. പാട്ടീല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിന്റെ ചിത്രം പിന്നീട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

വീണ്ടും കോടതിയിലേക്ക്

വിശ്വാസവോട്ടെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും. വിശ്വാസവോട്ടെടുപ്പ് വേഗത്തില്‍ നടത്താന്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. നിയമസഭയില്‍ സ്പീക്കര്‍ക്കാണ് അധികാരമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

വിമത എംഎല്‍എമാരെ സഭാനടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അഡ്വ. ജനറലില്‍നിന്ന് നിയമോപദേശം തേടും.

സര്‍ക്കാര്‍ വീണേക്കും

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വീഴും. 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും രാജിവച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ചവരെ നീട്ടിക്കൊണ്ടുപോകാന്‍ മാത്രമേ കുമാരസ്വാമി സര്‍ക്കാരിന് കഴിയൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News