അയോധ്യ ഭൂമിത്തര്‍ക്ക കേസ്: ആഗസ്ത് 2 മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും

അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ ആഗസ്ത് രണ്ടുമുതല്‍ സുപ്രീംകോടതി വാദംകേള്‍ക്കും. തുറന്ന കോടതിയിലായിരിക്കും വാദം. കേസില്‍ മധ്യസ്ഥചര്‍ച്ച നടത്തുന്ന സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഉത്തരവ്. ആഗസ്ത് രണ്ടിന് പകല്‍ രണ്ടിന് കേസില്‍ വാദംകേള്‍ക്കല്‍ തുടങ്ങും. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക്ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടനാബെഞ്ചിലെ മറ്റംഗങ്ങള്‍.

അതേസമയം, 31വരെ മധ്യസ്ഥചര്‍ച്ചകള്‍ തുടരാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി എഫ് എം ഐ ഖലീഫുള്ള നേതൃത്വംനല്‍കുന്ന സമിതിയോട് ഭരണഘടനാബെഞ്ച് നിര്‍ദേശിച്ചു. 31വരെ മധ്യസ്ഥചര്‍ച്ചകള്‍ തുടര്‍ന്ന് ആഗസ്ത് ഒന്നിന് വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതുകൂടി പരിഗണിച്ചശേഷം നിലവിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ തുടര്‍നടപടി സ്വീകരിക്കും.

മധ്യസ്ഥചര്‍ച്ചയുടെ വിശദാംശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് 11ന് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. 13ന് സമിതി കൈമാറിയ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഭരണഘടനാബെഞ്ച് പരിശോധിച്ചു. മധ്യസ്ഥചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലെന്ന് സമിതി വ്യക്തമാക്കിയതായാണ് സൂചന. ഈ സാഹചര്യത്തില്‍ 31വരെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടര്‍ന്നാല്‍മതിയെന്ന് കോടതി തീരുമാനിച്ചു.

ജസ്റ്റിസ് ഖലീഫുള്ളയ്ക്ക് പുറമെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാംപഞ്ചു എന്നിവരാണ് മധ്യസ്ഥ സമിതി അംഗങ്ങള്‍. വിവിധ കക്ഷികളുമായി സമിതി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് കേസിലെ ആദ്യ ഹര്‍ജിക്കാരില്‍ ഒരാളായ ഗോപാല്‍സിങ് വിശാരദിന്റെ അനന്തരാവകാശി രാജേന്ദ്രസിങ് കോടതിയെ സമീപിച്ചിരുന്നു. 2010 സെപ്തംബര്‍ 30ന് അയോധ്യ-ബാബ്‌റി മസ്ജിദ് ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിവിധിക്ക് എതിരായ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

മധ്യസ്ഥചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കാന്‍ മാര്‍ച്ച് എട്ടിനാണ് സുപ്രീംകോടതി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയത്. അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട രേഖകളുടെ തര്‍ജമയില്‍ ഗുരുതര വൈരുധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കേസിലെ കക്ഷി എം സിദ്ദിഖിന്റെ അനന്തരാവകാശികള്‍ അപേക്ഷ നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here