കരട് ദേശീയപൗരത്വ രജിസ്റ്ററിലെ പേരുകള്‍ പുനഃപരിശോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും നീക്കം അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. 2018 ജൂലൈ 30ന് പുറത്തിറക്കിയ കരട് രജിസ്റ്ററിലെ പേരുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും അസം സര്‍ക്കാരും സുപ്രീംകോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ആവശ്യത്തിനായി അന്തിമ പൗരത്വപ്പട്ടികയുടെ പ്രസിദ്ധീകരണത്തിനുള്ള കാലാവധി നീട്ടണമെന്നും അപേക്ഷകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 20 ശതമാനവും മറ്റ് ജില്ലകളിലെ 10 ശതമാനവും പേരുകള്‍ എങ്കിലും പരിശോധിക്കണമെന്നാണ് ആവശ്യം. പൗരത്വം ഉറപ്പിക്കാന്‍ രേഖകള്‍ ശരിയാക്കാനും ഓഫീസുകളില്‍ ഹാജരാകാനും വലിയ സമയം ഇതിനോടകം ചെലവിട്ട ലക്ഷക്കണക്കിന് പൗരരെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന നീക്കങ്ങള്‍ക്ക് സിപിഐ എം എതിരാണ്.

ജൂലൈ 31നാണ് പൗരത്വപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള അവസാനതിയതി. ഇപ്പോള്‍ പുനഃപരിശോധന ആവശ്യം ഉന്നയിച്ച് കാലാവധി നീട്ടാനുള്ള നീക്കം മതാടിസ്ഥാനത്തില്‍ പൗരത്വം തിരിച്ചറിഞ്ഞ് നടപടികള്‍ കൈക്കൊള്ളാനുള്ള ബിജെപി അജണ്ടയുടെ ഭാഗമാണ്.
പൗരത്വ രജിസ്റ്ററില്‍നിന്ന് തെറ്റായ രീതിയില്‍ ഒഴിവാക്കിയ പൗരര്‍ക്ക് വേഗം നീതി ലഭിക്കാനുള്ള സാഹചര്യം ഒരുക്കണം. രജിസ്റ്ററില്‍ പേരില്ലാത്ത ലക്ഷങ്ങളുടെ അവസ്ഥ എന്താകുമെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം.

ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച നടപടിക്ക് തുടക്കംകുറിച്ച സുപ്രീംകോടതി ഈ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണം. പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതി ഇടപെടല്‍ അനിവാര്യമാണെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവിച്ചു.