ഇഎസ്‌ഐ മെഡിക്കല്‍ കോളേജുകളിലെ പഠനത്തിന് തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്വാട്ട തടഞ്ഞ മദ്രാസ് ഹൈക്കോടതി സിഗിംള്‍ ബഞ്ച് വിധി ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തു. തൊഴിലാളികളുടെ മക്കള്‍ക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശന നടപടികള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ബഞ്ച് വിധിക്കെതിരെ ഇഎസ്ഐ കോര്‍പറേഷന്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്. സിഗിംള്‍ ബഞ്ച് വിധിക്കെതിരെ 10 വിദ്യാര്‍തികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തന്നെ പരിഗണിക്കാന്‍ കഴിഞഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

രാജ്യത്തെ ഒമ്പത് ഇഎസ്‌ഐ മെഡിക്കല്‍കോളേജുകളിലായി 346 സീറ്റാണ് തൊഴിലാളികളുടെ മക്കള്‍ക്ക് അനുവദിച്ചിരുന്നത്.കേരളത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം 110 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചു. നിശ്ചിത ഹാജരില്ല എന്ന കാരണത്താല്‍ അഡ്മിഷന്‍ നിഷേധിച്ച 16 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം കാഷ്യൂ കോര്‍പറേഷന്‍ നിയമപോരാട്ടത്തിലൂടെയാണ് പ്രവേശനം ലഭ്യമാക്കിയത്. കശുവണ്ടിത്തൊഴിലാളികളുടെ മക്കള്‍ക്ക് കോര്‍പറേഷന്‍ സൗജന്യമായി ഇക്കൊല്ലം എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കി. 26 കുട്ടികള്‍ പരീക്ഷയില്‍ യോഗ്യത നേടി.

പ്രവേശനത്തിനായി കാത്തുനില്‍ക്കുന്നവരില്‍ ഏറെയും പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട കുട്ടികളാണ്. ഇഎസ്ഐ കോര്‍പറേഷന്‍ മെഡിക്കല്‍കോളേജുകളില്‍ ഇന്‍ഷ്വറന്‍സ് എടുത്തവരുടെ മക്കള്‍ക്ക് പ്രത്യേക ക്വാട്ടയായി പ്രവേശനം നല്‍കുന്നത് മാനേജ്മെന്റ് ക്വാട്ട പോലെയാണെന്നും ഇത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചത്.