നവോത്ഥാനമൂല്യ സംരക്ഷണം; ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല; ഒരേ മനസ്സായി നീങ്ങണം: മുഖ്യമന്ത്രി

നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാനമൂല്യ സംരക്ഷണസമിതി ഒരേ മനസ്സോടെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ യോഗം മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ വലിയ മുന്നേറ്റമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാനമൂല്യം തകര്‍ക്കുന്നതിനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. ഇങ്ങനെ ശ്രമിക്കുന്നവര്‍ ചില്ലറക്കാരല്ല. ഇക്കൂട്ടര്‍ വലിയ പ്രതിരോധമുയര്‍ത്തും. അവര്‍ക്ക് പ്രചാരണരംഗത്ത് വലിയ സ്വാധീനം ഉറപ്പിക്കാനാകുന്നു. നവോത്ഥാനസമിതിയില്‍ വ്യത്യസ്ത രാഷ്ട്രീയമുള്ളവരുണ്ട്. എന്നാല്‍, നവോത്ഥാനമൂല്യ സംരക്ഷണം ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. കക്ഷിരാഷ്ട്രീയ ഭിന്നതയുടെ ഭാഗമായി നവോത്ഥാനമൂല്യ സംരക്ഷണത്തെ കാണാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആഗസ്ത് 15 മുതല്‍ സെപ്തംബര്‍ 30 വരെ ജില്ലാടിസ്ഥാനത്തില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ക്യാമ്പസുകളിലും അതിനോടനുബന്ധിച്ചും ഒക്ടോബറില്‍ സെമിനാറുകള്‍ നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നവോത്ഥാന നായകരുടെ സ്മൃതിമണ്ഡപങ്ങളിലേക്ക് ഡിസംബറില്‍ സ്മൃതിയാത്ര നടത്താനും തീരുമാനമായി.

ജില്ലാതല സംഗമങ്ങള്‍ വിപുലമായ ജനപങ്കാളിത്തത്തോടെ നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷനായ സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൂടുതല്‍ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കുമെന്ന് കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. സി പി സുഗതന്‍, പി രാമഭദ്രന്‍, പി ആര്‍ ദേവദാസ്, ബി രാഘവന്‍, അഡ്വ. കെ ശാന്തകുമാരി, മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ, പി അബ്ദുള്‍ ഹക്കീം ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News