യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; മുഖ്യപ്രതികളെ കോളേജിലെത്തിച്ച് തെളിവെടുത്തു

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ കോളേജിലെത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്പസിനകത്ത് അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്നുള്ള ചവറ്കൂനയില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. പ്രതികളുടെ പൊലീസ് കസ്റ്റഡി ഇന്നവസാനിക്കും.

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ അഖിലിനെ കുത്തിയതായി മുഖ്യപ്രതിയായ ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചിരുന്നു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കുത്തിയ ആയുധം കണ്ടെത്താനായി പൊലീസ് പ്രതികളെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ചത്.

രാവിലെ ഒമ്പതു മണിയോടെയാണ് പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുമായി കന്റോണ്‍മെന്റ് പോലീസ് യൂണിവേഴ്സിറ്റി കോളേജിലെത്തി തെളിവെടുപ്പ് നടത്തിയത്. ചോദ്യംചെയ്യലില്‍ കത്തി കോളേജില്‍ തന്നെ ഉപേക്ഷിച്ചു എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. പത്ത് മിനിറ്റോളം മാത്രമാണ് തെളിവെടുപ്പ് നടന്നത്.

ക്യാമ്പസിനുള്ളില്‍  അഖിലിനെ കുത്തിയ സ്ഥലത്ത് ഇരു പ്രതികളെയും എത്തിച്ച് തെളിവെടുത്ത പൊലീസിന് സമീപത്തെ ചവറ്കൂനയില്‍ നിന്നാണ് കുത്താന്‍ ഉപയോഗിച്ച കത്തി പ്രതികള്‍ കണ്ടെത്തി നല്‍കിയത്. മുഖ്യപ്രതിയായ ശിവരഞ്ജിത്ത് തന്നെയാണ് കത്തി ഉപേക്ഷിച്ച സ്ഥലത്ത് നിന്നും പൊലീസിന് എടുത്ത് കൊടുത്തത്. കത്തി വാങ്ങിയത് ഓണ്‍ലൈനില്‍ നിന്നാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെ തിരികെ സ്റ്റേഷനിലെത്തിച്ചു. കത്തി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here