പശു മോഷണമാരോപിച്ച് ബീഹാറില്‍ മൂന്ന് ദളിതരെ ആള്‍കൂട്ടം തല്ലികൊന്നു. ബീഹാറിലെ സരണ്‍ ജില്ലയിലെ ബനിയാപൂരിലാണ് രാജ്യത്തെ നടുക്കി ആള്‍കൂട്ട കൊലപാതകം ഉണ്ടായത്.ആക്രമികളെ പിടികൂടിയിട്ടില്ല. അന്വേഷണം നടക്കുന്നതായി ബീഹാര്‍ പോലീസ് അറിയിച്ചു.

പുലര്‍ച്ചെ നാല് മുപ്പതിന് പിക്ക് അപ്പ് വാനില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരെയാണ് ആള്‍കൂട്ടം പശുമോഷണാരോപിച്ച് ആക്രമിച്ചത്. കമ്പിയും വടിയും ഉപയോഗിച്ചുള്ള അതിക്രൂരമായ ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു.

ആക്രമണം നടന്ന സരണ്‍ ജില്ലയിലെ ബനിയാപൂരിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നുള്ളവരാണ് ദളിത് വിഭാഗത്തില്‍പ്പെട്ട മൂന്ന് പേരും. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ തന്നെ കൊല്ലപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ആശുപത്രിയ്ക്ക് ചുറ്റം ബന്ധുക്കള്‍ അലമുറയിട്ട് കരയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആക്രമണം നടന്ന പ്രദേശത്തുള്ളവരുടെ പേരില്‍ കേസെടുത്തു.പക്ഷെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മരിച്ചവര്‍ പശുമോഷ്ടാക്കളാണന്ന് ആരോപിച്ചിട്ടുണ്ടെങ്കിലും മൂന്ന് പേര്‍ക്കുമെതിരെ മുമ്പ് കേസുകളൊന്നുമില്ലെന്ന് പോലീസ് കണ്ടെത്തി.ഉത്തരേന്ത്യയില്‍ പശുവിന്റെ പേരിലുള്ള ആള്‍കൂട്ട ആക്രമണങ്ങളും കൊലപാതകളും പതിവാണ്.

പശുവിന്റെ പേരില്‍ മതന്യൂന പക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ദളിത് വിഭാഗങ്ങളേയും അക്രമികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.