ഇന്ന് ആപ്പുകളുടെ ലോകമാണ്. എന്തിനും ഏതിനും പ്ലേ സ്റ്റോറില്‍ ആപ്പുകള്‍ സുരഭിലവുമാണ്. ഇതു തന്നെയാണ് സൈബര്‍ ലോകത്തെ പ്രധാന സുരക്ഷാ വെല്ലുവിളുയും. കയ്യില്‍ സ്മാര്‍ട് ഫോണുണ്ടെങ്കില്‍ ആര്ക്കും പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കാം. മാള്‍വെയര്‍ ബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ഇടം കൂടിയാണ് പ്ലേസ്റ്റോര്‍. കൂടാതെ നിരവധി വ്യാജ ആപ്പുകളുടെ കലവറ കൂടിയാണ. മറ്റുളളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ആര്‍ക്കും സാധിക്കുന്ന വിധം വഴികള്‍ തുറന്നിട്ടുകൊടുക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ നിരവധിയാണ് .

അതുകൊണ്ട് തന്നെ ഇത്തരം ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്യാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റുള്ളവരുടെ സ്വകാര്യത ചോര്‍ത്തുന്ന ഏഴ് അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തിരുന്നു്. മൊബൈല്‍ ഭീഷണികളെ കുറിച്ച് ഗവേഷണം നടത്തുന്നവരാണ് കണ്ടെത്തല്‍ നടത്തിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ചാര ആപ്പുകള്‍ നീക്കം ചെയ്തു.

ഏഴ് അപ്ലിക്കേഷനുകളും ചാരപ്പണി ചെയ്യാനും ഇരകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും സഹായിക്കുന്നതായിരുന്നു. ഇരയുടെ ഫോണിലേക്ക് ആക്സസ് ചെയ്യുന്നതിനു പ്ലേ സ്റ്റോറില്‍ നിന്ന് അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ഭാര്യയുടെ, ഭര്‍ത്താവിന്റെ, കാമുകിയുടെ രഹസ്യം ചോര്‍ത്താന്‍ ഈ അപ്ലിക്കേഷനുകള്‍ അവരുടെ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യണം. അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഒരു ഇമെയില്‍ ഐഡിയും പാസ്വേഡും നല്‍കാന്‍ ആവശ്യപ്പെടും. ഇതോടെ ചാര ആപ്ലിക്കേഷന്‍ വ്യക്തിയുടെ ഫോണിലേക്ക് വിവരങ്ങള്‍കൈമാറും.

ഇരയ്ക്ക് സ്പൈവെയര്‍ കണ്ടെത്താനാകാത്ത വിധത്തിലാണ് ഈ അപ്ലിക്കേഷനുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നതിനാല്‍ ഇത് സുരക്ഷാ വീഴ്ചയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം ചാര അപ്ലിക്കേഷനുകളിലൂടെ ഇരയുടെ ലൊക്കേഷന്‍ ഡേറ്റയില്‍സ, കോള്‍ ഹിസ്റ്ററി, കോണ്‍ടാക്റ്റുകള്‍, എസ്എംഎസ് എന്നിവ ഉള്‍പ്പെടെ മറ്റ് വ്യക്തിഗത ഡേറ്റ ചോര്‍ത്താനും കഴിയും.

ഗൂഗിള്‍ ഇത്തരം ആപ്പുകള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ഇവ 130,000 തവണ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ ആപ്പുകള്‍ നിങ്ങളുടെ ഡിവൈസുകളിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്ത അപ്ലിക്കേഷനുകളില്‍ സ്പൈ ട്രാക്കര്‍, എസ്എംഎസ് ട്രാക്കര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവ രണ്ടിനും 50,000 ത്തിലധികം ഇന്‍സ്റ്റാളുകളുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത അപ്ലിക്കേഷനുകള്‍- ട്രാക്ക് എംബ്ലോയീസ് ചെക്ക് വര്‍ക്ക് ഫോണ്‍ ഓണ്‍ലൈന്‍ സ്‌പൈ ഫ്രീ,സ്‌പൈ കിഡ്‌സ് ട്രാക്കര്‍,ഫോണ്‍ സെല്‍ ട്രാക്കര്‍,മൊബൈല്‍ ട്രാക്കിങ, സ്‌പൈ ട്രാക്കര്‍,എസ്എംഎസ് ട്രാക്കര്‍, എംപ്ലോയി വര്‍ക്ക് സ്‌പൈ.