ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും 10 പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്രയിലേക്ക് പോവുകയായിരുന്ന പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പൊലീസ് അറിയിച്ചു.

എന്ത് ചെയ്താലും പിന്മാറില്ലെന്നും കൂട്ടക്കൊലക്ക് ഇരയായവരുടെ കുടുംബത്തെ സമാധാനപൂര്‍വ്വം സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു തന്നെ പൊലീസ് തടഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.

ബുധനാഴ്ച്ചയാണ് ഗുജ്ജാര്‍, ഗോണ്ട് വിഭാഗക്കാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പത്ത് പേര്‍ കൊലപ്പെടുകയും 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.