ഏരിയ 51ലേക്ക് മാര്‍ച്ചിനൊരുങ്ങി ഒരു ലക്ഷത്തോളം പേര്‍; 28 ലക്ഷം പേരുടെ പിന്തുണ; സംഭവം കൈവിട്ടു പോയെന്ന് ഇവന്റ് പേജ് ഉടമകള്‍

ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമെന്ന് അറിയപ്പെടുന്ന നേവാഡയിലെ ഏരിയ 51ലേക്ക് മാര്‍ച്ചിനൊരുങ്ങി ഒരു ലക്ഷത്തോളം പേര്‍. ഏരിയ 51ല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയായാണ് ലക്ഷക്കണക്കിനാളുകള്‍ തയ്യാറെടുക്കുന്നത്.

ഒരു ഫേസ്ബുക്ക് പേജ് ഇവന്റാണ് ഇതിന് വഴിയൊരുക്കിയത്. സെപ്തംബര്‍ 20ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഒരു ലക്ഷത്തോളം പേര്‍ ഏരിയ 51 ലേക്ക് മാര്‍ച്ച് ചെയ്യുമെന്നാണ് ആഹ്വാനം.

നിഗൂഢത നിറഞ്ഞ കഥകളിലൂടെ നിലനില്‍ക്കുന്ന സ്ഥലമായത് കൊണ്ടാകാം ഇവന്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇവന്റിന് 28 ലക്ഷത്തോളം പേരുടെ പിന്തുണയും ഇതുവരെ ലഭിച്ചിട്ടുണ്ട്.

തമാശയ്ക്കായി പങ്കുവെച്ച ഇവന്റ് യഥാര്‍ത്ഥത്തില്‍ പേജ് ഉടമകളുടെ കൈവിട്ടുപോവുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, ലക്ഷം പേരുടെ മാര്‍ച്ച് ഇവിടെ നടക്കുമോയെന്ന സംശയവും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. മാര്‍ച്ച് ഏരിയ 51ലെ സൈനികര്‍ തടയുമെന്ന് സൈനിക വക്താവ് ലോറ മാക് ആന്‍ഡ്രൂസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധകാലത്തും, ശീതയുദ്ധകാലത്തും ഏറെ ചര്‍ച്ചയായിട്ടുണ്ട് ഏരിയ 51.

അമേരിക്കന്‍ പ്രസിഡന്റിന്റെ എക്സ് ഫയലില്‍ പെടുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് ഏരിയ 51 എന്നും അറിയപ്പെടുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ കയ്യിലുള്ള രഹസ്യ രേഖകളെയാണ് എക്സ് ഫയല്‍ എന്ന് പറയുന്നത്.

അമേരിക്കയുടെ രഹസ്യ ശാസ്ത്രപരീക്ഷണങ്ങളുടെയെല്ലാം കേന്ദ്രം കൂടിയാണിത്. ഏരിയ-51ന്റെ നിയന്ത്രണം ഉന്നതരായ ശാസ്ത്രജ്ഞരുടെ കൈകളിലാണ്.

ഏരിയ 51നെക്കുറിച്ചുള്ള ഏറ്റവും വലിയ അഭ്യൂഹം ഇവിടെ അന്യഗ്രഹ ജീവികള്‍ വന്നിറങ്ങിയിട്ടുണ്ടെന്നതാണ്. ഇവയെ ശാസ്ത്രജ്ഞര്‍ തടവിലാക്കിയെന്നും അവരെ വച്ച് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും കഥകളുണ്ട്. മാത്രമല്ല, വന്നിറങ്ങിയ പറക്കും തളികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.

എന്തു തന്നെയായാലും ഏരിയ 51ന്റെ അടുത്ത് എത്താന്‍ മാര്‍ച്ച് നടത്തുന്നവര്‍ക്ക് കഴിയുമോയെന്ന് കണ്ടറിയാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here