ഡി ലിറ്റിനെ യുവെന്റസ് സ്വന്തമാക്കിയത് ‘വെറും’ 580 കോടി രൂപയ്ക്ക്

മത്തേയൂസ് ഡി ലിറ്റ് ഇനി യുവെന്റസിന് സ്വന്തം. നെതര്‍ലന്‍ഡ്‌സിന്റെ സൂപ്പര്‍ ഡിഫന്‍ഡറും ഡച്ച് ഫുട്ബോള്‍ ക്ലബ് അയാക്സിന്റെ നായകനുമായ 19 കാരന്‍ ഡി ലിറ്റിനെ യുവെന്റസ് സ്വന്തമാക്കിയത് 580 കോടിയോളം രൂപയ്ക്ക് . അഞ്ച് വര്‍ഷത്തെ കരാറാണ് കൗമാരതാരം ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരം ഇനി ഡി ലിറ്റ് ആയിരിക്കും. നെതര്‍ലന്‍ഡ്സിലെ സഹതാരമായ വിര്‍ജില്‍ വാന്‍ ഡികിന്റെ റെക്കോഡാണ് ഡി ലിറ്റ് മറികടന്നത്. കാലാവധി തീരും മുന്‍പു ഡി ലിറ്റിനെ സ്വന്തമാക്കണമെങ്കില്‍ മറ്റു ടീമുകള്‍ യുവെയ്ക്ക്, ഇരട്ടിവിലയായ 15 കോടി യൂറോ (ഏകദേശം 1160 കോടി രൂപ) നല്‍കണം.

യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായാണു ഡി ലിറ്റ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ സെമി വരെയെത്തിയ അയാക്‌സിന്റെ മുന്നേറ്റത്തില്‍ ഏറ്റവും നിര്‍ണായകമായത് 3 ഗോള്‍ നേടിയ ഡി ലിറ്റിന്റെ പ്രകടനമാണ്.

പിന്നാലെ യുവതാരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സലോണ, പി.എസ്.ജി ടീമുകള്‍ രംഗത്തെത്തുകയും ചെയ്തു. സഹതാരം 22കാരന്‍ ഫ്രാങ്കി ഡി യോങിനു പിന്നാലെ ഡി ലിറ്റും ബാര്‍സിലോനയിലേക്കു ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യുവെയ്‌ക്കൊപ്പം പോകാനായിരുന്നു ഡി ലിറ്റിന്റെ തീരുമാനം.

ഇക്കഴിഞ്ഞ യുവേഫ നാഷണ്‍സ് ലീഗ് ഫൈനലിനിടെ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഡി ലിറ്റിനെ ഇറ്റലിയിലേക്കു ക്ഷണിച്ചിരുന്നുവെന്നും പറയുന്നുണ്ട്. ഫൈനലിന് ശേഷം റൊണാള്‍ഡോ യുവന്റസിലേക്ക് വരുമോ എന്ന് ചോദിച്ചതായി ഡി ലിറ്റ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫൈനല്‍ വിജയിച്ച് പോര്‍ച്ചുഗല്‍ കപ്പ് ഉയര്‍ത്തിയ സമയത്തായിരുന്നു ചോദ്യം. തന്നോട് റൊണാള്‍ഡോ ട്യൂറിനിലേക്ക് വരുന്നോ എന്ന് ചോദിച്ചു. ആദ്യം എനിക്ക് മനസ്സിലായില്ല എന്നും പിന്നീട് മനസിലായെങ്കിലും ഞാന്‍ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ; ഉത്തരമൊന്നും പറഞ്ഞില്ല”- ഡി ലിറ്റ് പറഞ്ഞു.

യുവന്റസിന്റെ ഏറ്റവും വില പിടിപ്പുള്ള മൂന്നാമത്തെ ട്രാന്‍സ്ഫര്‍ കൂടിയാണിത്. 2018-ല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, 2016-ല്‍ നാപ്പോളിയില്‍ നിന്ന് ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നിവരെ വാങ്ങിയപ്പോഴായിരുന്നു ഇതിനേക്കാള്‍ കൂടുതല്‍ പണം യുവന്റസ് മുടക്കിയിത്. അര്‍ജന്റീനയുടെ ക്രിസ്റ്റ്യന്‍ റൊമേരോ (ജിനോവയില്‍നിന്ന്), ഇറ്റാലിയുടെ ലൂക്ക പെല്ലെഗ്രിനി (റോമയില്‍നിന്ന്) എന്നീ ഡിഫന്‍ഡര്‍മാരയും യുവെ വന്‍ തുക മുടക്കി ഈ സീസണില്‍ ടീമിലെത്തിച്ചിട്ടുണ്ട്.

അയാക്‌സ് താരം ഡി ലിറ്റിനെ പി എസ് ജി വാങ്ങില്ല എന്ന് ക്ലബ് നേരത്തെ തന്നെ അറിയിച്ചു.ഡി ലിറ്റ് മികച്ച താരമൊക്കെ ആണെങ്കിലും ഇപ്പോള്‍ അത്രയും വലിയ തുക ഒരു താരത്തിനായി ചിലവഴിക്കാന്‍ പറ്റിയ അവസ്ഥ ക്ലബിനില്ലെന്ന് ക്ലബ് സ്‌പോര്‍ടിംഗ് ഡയറക്ടര്‍ ലിയനാര്‍ഡോ പറഞ്ഞിരുന്നു.ക്ലബിന്റെ ആരാധകരും ക്ലബും ക്ഷമ കാണിക്കേണ്ട സമയമാണിതെന്നും പി എസ് ജി പറഞ്ഞു. ഇതോടെയാണ് ഡി ലിറ്റ് യുവന്റസിലേക്ക് എത്തുമെന്ന് ഉറപ്പായതും. നേരത്തെ ബാഴ്‌സലോണയും ഡി ലിറ്റിനെ സ്വന്തമാക്കില്ല എന്ന് അറിയിച്ചിരുന്നു.

അതേസമയം ഡി ലിറ്റിനെ കൂടെ യുവന്റസ് സ്വന്തമാക്കിയാല്‍ പിന്നെ ഇറ്റാലിയന്‍ ലീഗ് നടത്തേണ്ട കാര്യമില്ലെന്നായിരുന്നു മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ ഫാബിയോ കപെല്ലോ വാര്‍ത്തയോട് പ്രതികരിച്ചത്. ഡി ലിറ്റ് കൂടെ വന്നാല്‍ പിന്നെ അടുത്ത സീസണില്‍ ഇറ്റലിയില്‍ കിരീട പോരാട്ടമേ ഉണ്ടാകില്ല. ഡി ലിറ്റിന്റെ സാന്നിദ്ധ്യം യുവന്റസിനെ ചാമ്ബ്യന്മാരാക്കും. അതുകൊണ്ട് ഈ സീസണ്‍ ഉപേക്ഷിച്ച് അതിന്റെ അപ്പുറത്തെ സീസണ്‍ നോക്കിയാല്‍ മതി.മാത്രമല്ല ഡിലിറ്റ് ഗംഭീര താരമാണ്. ഡി ലിറ്റ് ഉണ്ടെങ്കില്‍ ഫുള്‍ബാക്കുകള്‍ക്ക് ധൈര്യത്തില്‍ മുന്നേറാന്‍ കഴിയുമെന്നും അയാക്‌സില്‍ നടത്തിയതൊക്കെ യുവന്റസിലും ഡി ലിറ്റ് ആവര്‍ത്തിക്കുമെന്നും കപ്പെല്ലോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here