വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി; കേള്‍വി കുറവും സംസാരശേഷിയുമില്ലാത്ത കുട്ടികള്‍ക്ക് കൈതാങ്ങായി

നിലമ്പൂര്‍ MSNSSHS ചക്കാലകുത്ത് 2003 എസ് .എസ് .എല്‍ .സി ബാച്ചിലെ കുട്ടികള്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത് വല്ലപ്പുഴ ബഡ്‌സ് സ്‌കൂളില്‍. കേള്‍വി കുറവും സംസാരശേഷിയുമില്ലാത്ത കുട്ടികള്‍ക്ക് കൈതാങ്ങായി മാറിയ കൂട്ടുകാര്‍ വാട്‌സ് ആപ് വഴിയാണ് വീണ്ടും ഒത്തുചേര്‍ന്നത്.

സുഹൃത്തുക്കളുടെ കുറിപ്പ്:

നിലമ്പൂരിലെ MSNSSHS ചക്കാല കുത്ത് 10 എഫിലെ എന്റെ കൂട്ടുകാര്‍ ഇപ്പോള്‍ വരും. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ കൂടിക്കാഴ്ച. ഒരുപക്ഷേ ഏറെനേരമായി ഈ സ്‌കൂള്‍ മുറ്റത്ത് കാത്തിരിക്കുന്നത് ബോറടിയായി തോന്നിയേയില്ല. ക്ലാസില്‍ അധ്യാപകര്‍ ഇല്ലാത്ത സമയത്ത് പാട്ടുപാടി രസിപ്പിക്കുന്ന അമ്പിളിയെ ഞാന്‍ കാത്തിരിക്കുകയാണ്.

പിന്നെ പത്താം ക്ലാസ് പഠിക്കുമ്പോഴേ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച ഷൈമയെ കാണാന്‍.. ക്ലാസ്സില്‍ ലീഡര്‍ സ്ഥാനം അലങ്കരിച്ച് ഞങ്ങളെയെല്ലാം അടക്കി ഭരിച്ച ഡോ. വിപിന്‍… പഠിപ്പിസ്റ്റ് വിവേക്.. അങ്ങനെ പഴയകൂട്ടുകാരെല്ലാം വീണ്ടും സംഗമിക്കുകയാണ്. പണ്ട് ജോര്‍ജുമാഷിനെ കൊണ്ട് മനപ്പൂര്‍വ്വം തല്ലു കൊള്ളിച്ച ജാഫര്‍ ഇന്നുകാണുമ്പോള്‍ എന്തു പറയുമൊ ആവോ.

സമയം രാവിലെ 11 മണി. നിലമ്പൂര്‍ വല്ലപ്പുഴ ബഡ്‌സ് സ്‌കൂളിന്റെ മുറ്റത്താണ് ഞങ്ങളെല്ലാവരും ഒത്തുചേര്‍ന്നത്. ആദ്യം അമ്പിളി എത്തി, പിന്നെ വിവേക്, അനീഷ്, ഡോ.വിപിന്‍, ഷൈമ, ഷഹീദ, ജാഫര്‍, രാഖിന് അങ്ങനെ പഴയ കുട്ടികൂട്ടുകാര്‍ എല്ലാം. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. എല്ലാവര്‍ക്കും ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു..

ഒരുപക്ഷേ സാധാരണ സ്‌കൂളില്‍ കാണുന്ന കാഴ്ചയല്ല ബഡ്‌സ് സ്‌കൂളില്‍ കാണുന്നത്. കേള്‍ക്കാന്‍ കഴിയാത്തതും സംസാരിക്കാന്‍ ശേഷിയില്ലാത്തതുമായ ഒരുപാട് കുട്ടികള്‍. ഹൃദയത്തെ വേദനിപ്പിക്കുന്ന കാഴ്ചകള്‍ പലതും ആ നാട്ടുകാരായ ഞങ്ങളില്‍ പലരും പലവട്ടം കണ്ടറിഞ്ഞിട്ടുണ്ട്.

സംസാരിക്കാന്‍ കഴിവില്ലാത്ത കുട്ടികളെ സംസാരിക്കാന്‍ ശ്രമിപ്പിക്കുന്ന അധ്യാപകരുടെ അധ്വാനം പറഞ്ഞാല്‍ തീരില്ല. രാവിലെ ക്ലാസ്സുകള്‍ ആരംഭിച്ച് മുതല്‍ വൈകുന്നേരം വരെ സ്‌കൂള്‍മുറ്റത്ത് കുട്ടികളെ കാത്തിരിക്കുന്ന മാതാപിതാക്കള്‍.

എന്തിനാണ് കുട്ടികളുടെ കൂടെ മാതാപിതാക്കളും രാവിലെ സ്‌കൂളിലേക്ക് വരുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ക്ലാസ്സില്‍ പഠിപ്പിച്ച കാര്യം എന്താണെന്ന് വീട്ടില്‍ വന്ന് പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത കുട്ടികള്‍ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ രക്ഷിതാക്കളും രാവിലെ കുട്ടികള്‍ക്കൊപ്പം സ്‌കൂളിലേക്ക് വരും. ഇരിക്കാന്‍ കസേര പോലുമില്ലാതെ സ്‌കൂള്‍ തീരും വരെ ഇവരും കുട്ടികള്‍ക്കൊപ്പം കൂടും.

ഈ സ്‌കൂളിലെ കുട്ടികളെ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം സമയം ചിലവിടണമെന്നത് കൂട്ടുകാരില്‍ മിക്കവരുടേയും ആഗ്രഹമായിരുന്നു. ഒപ്പം കുട്ടികളെ സഹായിക്കാനും. ഒരുമനസോടെ കൂട്ടുകാര്‍ തയ്യാറായപ്പോള്‍ ആവശ്യത്തിന് പണവും കൈവന്നു.

അങ്ങനെയാണ് പഠിച്ച സ്‌കൂള്‍ ഒഴിവാക്കി ഞങ്ങള്‍ ഇവിടേക്ക് എത്തിയത് . മാതാപിതാക്കള്‍ക്ക് ഇരിക്കാന്‍ ഞങ്ങള്‍ എയര്‍പോര്‍ട്ട് ചെയര്‍ കൊടുത്തു. കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു. ആവോളം സമയം കുട്ടികള്‍ക്കൊപ്പം കൂടി. പകരം പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണ് കുട്ടികള്‍ തിരികെ തന്നത്.

സമയം പൊയ്‌പോയതിഞ്ഞില്ല. ഒരുപക്ഷേ ഞങ്ങളില്‍ കുറച്ചുപേര്‍ക്കു മാത്രമേ നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ സാധിച്ചുള്ളൂ. ജീവിതത്തിന്റെ തിരക്കുകാരണം എത്തിപ്പെടാന്‍ കഴിയാത്ത പലരുമുണ്ട്.

കുട്ടികള്‍ക്ക് സമ്മാനങ്ങളും ചെയറും വാങ്ങാന്‍ പണം അയച്ചുതന്നവരുണ്ട്. വാട്‌സാപ്പിലൂടെ ഞങ്ങളുടെ ക്ഷേമം അന്വേഷിക്കുന്ന വിദേശത്തുളളരും. അവരേയുംകൂട്ടി കഴിയുന്നിടത്തോളം അര്‍ഹതപ്പെട്ടവര്‍ക്ക് ഒരു കൈസഹായവുമായി വീണ്ടും ഒത്തുകൂടുമെന്ന ഉറപ്പോടെയാണ്ഞങ്ങള്‍ ബഡ്‌സ് സ്‌കൂളിന്റെ പടിയിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News