എം എസ് ധോണിയെന്ന ക്യാപ്റ്റന്‍ കൂളിനെതിരെ ഒളിയമ്പെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ക്യാപ്റ്റനായിരുന്ന സമയത്ത് ധോണി ഭാവി താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതുപോലെ, ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോഴും അവസരം കാത്തിരിക്കുന്ന യുവതാരങ്ങളെ പരിഗണിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. വിരമിക്കലിനെ വൈകാരികമായി സമീപിക്കുന്നതിനു പകരം പ്രായോഗിക തീരുമാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ലോക്‌സഭാംഗം കൂടിയായ ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ക്യാപ്റ്റനായിരുന്നപ്പോള്‍ ഭാവിയിലേക്കു നോക്കിയാണ് ധോണി തീരുമാനങ്ങളെടുത്തിരുന്നതെന്ന് സഹതാരമായിരുന്ന ഗംഭീര്‍ ഓര്‍ക്കുന്നു. ഓസ്‌ട്രേലിയയില്‍വച്ച്, തനിക്കും സച്ചിനും സേവാഗിനും ടൂര്‍ണമെന്റില്‍ ഒരുമിച്ച് അവസരം നല്‍കാന്‍ സാധിക്കില്ലെന്ന് ധോണി പറഞ്ഞു. ജൂനിയര്‍ താരങ്ങളെ പീരക്ഷിക്കാനായി മുതിര്‍ന്ന താരങ്ങള്‍ക്ക് റൊട്ടേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതും ധോണിയാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നായിരുന്നു അന്ന് ധോണിയുടെ നിലപാട്.

വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നതിനേക്കാള്‍ പ്രധാനം പ്രായോഗികമായി തീരുമാനമെടുക്കുകയെന്നതാണ്. ഇത് യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ട സമയമാണ്. അത് ഋഷഭ് പന്തോ, സഞ്ജു സാംസണോ, ഇഷാന്‍ കിഷനോ മറ്റാരെങ്കിലുമാകാം. ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാന്‍ കഴിവുണ്ടെന്ന് കരുതുന്ന ആരായാലും അവസരം ഉറപ്പാക്കണമെന്നും ഗംഭീര്‍ പറഞ്ഞു. ഒരു താരത്തെ പരീക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന് ആവശ്യമായ അവസരം നല്‍കുക. ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെങ്കില്‍ അടുത്തയാളെ പരീക്ഷിക്കണം. ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടത് ഇങ്ങനെയല്ലേയെന്നും ഗംഭീര്‍ ചോദിച്ചു.

കണക്കുകള്‍ നോക്കിയാല്‍, ധോണി മികച്ച ക്യാപ്റ്റനാണ്. 2007ലും 2011ലും ക്യാപ്റ്റനെന്ന നിലയില്‍ ധോണി ലോകകപ്പ് നേടിത്തന്നു. കുറെ പരമ്പര വിജയങ്ങളും നേടി. എന്നാല്‍, അതിന്റെയെല്ലാം പൂര്‍ണ ക്രെഡിറ്റ് ധോണിക്ക് മാത്രം നല്‍കുന്നതും ടീം തോല്‍ക്കുമ്പോള്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നതും ശരിയല്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ധോണിയുടെ വിജയങ്ങള്‍ കണക്കിലെടുത്ത് മറ്റ് ക്യാപ്റ്റന്‍മാര്‍ മോശമാണെന്ന് പറയാന്‍ കഴിയില്ല.

മറ്റു ക്യാപ്റ്റന്‍മാരും നമ്മെ മുന്നോട്ടു നയിച്ചവരാണ്. സൗരവ് ഗാംഗുലി മികച്ച ക്യാപ്റ്റനായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യ ഒട്ടേറെ വിജയങ്ങള്‍ നേടി. ഇംഗ്ലണ്ടില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റനാണ് രാഹുല്‍ ദ്രാവിഡെന്ന കാര്യം മറക്കരുത്. അധിക കാലം ക്യാപ്റ്റനല്ലാതിരുന്നിട്ടുകൂടി ടീമിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ അനില്‍ കുംബ്ലെയ്ക്ക് കഴിഞ്ഞു. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയും ഇന്ത്യ നേടി എന്നത് മറക്കരുതെന്നും ഗംഭീര്‍ പറഞ്ഞു.

ലോകകപ്പ് ക്രിക്കറ്റോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ധോണി ഇപ്പോഴും മനസ്സു തുറക്കാത്ത സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രതികരണം. ആഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ധോണി ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് താരങ്ങളും ക്രിക്കറ്റ് ആരാധകരും. ഞായറാഴ്ച ടീമിനെ പ്രഖ്യാപിക്കുന്നതുവരെ ഈ ആകാംക്ഷ തുടരും.