കണ്ണൂരില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.മുപ്പതോളം വീടുകള്‍ വെള്ളത്തിനടിയിലായി.നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.കണ്ണൂര്‍ ടൗണ്‍ സ്‌കൂളിലും താവക്കര സ്‌കൂളിലും ക്യാമ്പുകള്‍ തുറന്നു.

മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് കണ്ണൂരില്‍ പെയ്തത്.കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി.താവക്കരയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരിസരത്ത് പതിനഞ്ചോളം വീടുകള്‍ വെള്ളത്തിനടിയിലായി.ഇവിടെ നിന്നും 12 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

പടന്നതോട് ഭാഗത്ത് പത്ത് വീടുകളില്‍ വെള്ളം കയറി.ഇവിടെ ഉള്ളവരെ ബന്ധു വീടുകളിലേക്ക് മാറ്റി.പള്ളിക്കുന്ന് വില്ലേജ് പരിധിയിലെ ചാലാട്, പടന്നപ്പാലം, മഞ്ചപ്പാലം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കടമ്പൂര്‍ വില്ലേജിലെ അഡൂരില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.താവക്കര സ്‌കൂളിലും ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും ക്യാമ്പുകള്‍ തുറന്നതായി തഹസില്‍ദാര്‍ വി എം സജീവന്‍ പറഞ്ഞു.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ ചിറവക്കിലും കാക്കത്തോട് ബസ് സ്റ്റാന്‍ഡിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.ഓടകള്‍ അടഞ്ഞ നീരൊഴുക്ക് തടസ്സപ്പെട്ടതാണ് നഗരപ്രദേശങ്ങളില്‍ വെള്ളം കയറാന്‍ കാരണമായത്.