പാലക്കാട് വാളയാറില്‍ എക്‌സൈസ് കാറില്‍ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്‍തുടര്‍ന്നപ്പോള്‍ കാറുപേക്ഷിച്ച് കാറിലുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

വാളയാര്‍ ടോള്‍ പ്ലാസയില്‍ എക്‌സൈസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതിനിടെ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാര്‍ പിന്തുടര്‍ന്നു.

ദേശീയ പാതയില്‍ നിന്ന് മാറി സഞ്ചരിച്ച കാര്‍ മേനോന്‍ പാറയ്ക്കടുത്ത് പോക്കാം തോട് റോഡരികില്‍ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ കടന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാറിനകത്ത് 40 കിലോ കഞ്ചാവ് കണ്ടെത്തിയത്.

കാറിനുള്ളില്‍ നാലു ബാഗുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.