പാലക്കാട് മുതലമടയിൽ സ്വകാര്യ കമ്പനിക്ക് ലൈസൻസ് നൽകുന്നത് വൈകിപ്പിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് അധികൃതർ. നിയമ പ്രശ്നങ്ങളും നിരവധി അപാകതകളുമുണ്ടായിരുന്നു.

അത് പരിഹരിച്ചതോടെ ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ്. സിപിഐഎം നേതാവിന്റെ സമ്മർദ്ധത്തെ തുടർന്നാണ് ലൈസൻസ് നൽകാത്തതെന്ന് വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി പി ഐ എം നേതൃത്വം

മുതലമട ഇടുക്കുപാറയിൽ ആരംഭിച്ച ഇ ക്യൂബ് സ്ട്രക്ചറൽ കമ്പൈൻ Pvt Ltd എന്ന സ്ഥാപനത്തിന് പ്രവർത്തനാനുമതി നൽകുന്നത് പഞ്ചായത്ത് അനധികൃതമായി വൈകിപ്പിക്കുന്നുവെന്നായിരുന്നു വാർത്ത.

എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്നും തുടക്കം മുതൽ പഞ്ചായത്ത് ആവശ്യമായ സഹായം കമ്പനിക്ക് നൽകിയിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ പറഞ്ഞു.

മുഹമ്മദ് ഹനീഫയെന്ന വ്യക്തി നിരവധി തവണ കമ്പനിക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന് പുറമെ നിയമ പ്രശ്നങ്ങളും, നിരവധി അപാകതകളുണ്ടായിരുന്നു.

കമ്പനിക്കെതിരായ പരാതികൾ പരിശോധിച്ച് അപാകതകൾ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം കാലതാമസമില്ലാതെ തന്നെ കെട്ടിട നമ്പറും ലൈസൻസും നൽകി

തൊട്ടടുത്ത രാഷ്ട്രീയ നേതാവിന്റെ സ്ഥലം ഉയർന്ന വിലക്ക് കമ്പനി വാങ്ങിക്കാത്തതാണ് കാലതാമസത്തിന് കാരണം.

ഇതിനായി സിപിഐഎം നേതാവ് ഇടപെട്ടുവെന്നായിരുന്നു മറ്റൊരാരോപണം. ഇത് വസ്തുതാവിരുദ്ധമാണെന്നും വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി പി ഐ എം ഏരിയാ സെക്രട്ടറി രമാധരൻ പറഞ്ഞു.

ലൈസൻസ് നൽകുന്നതിന് മുന്നോടിയായി ജൂൺ 26 ന് കെട്ടിട നമ്പർ നൽകി. യന്ത്രസാമഗ്രികൾ സ്ഥാപിച്ച് ജൂലൈ 8 ന് നൽകിയ അപേക്ഷ സ്വീകരിച്ച് ഒൻപതാം ദിവസം ലൈസൻസും നൽകി.

അപേക്ഷ നൽകി ലൈസൻസ് നൽകാനുള്ള നടപടി ക്രമങ്ങൾ നടക്കുന്നതിനിടെയാണ് തെറ്റായ വാർത്ത നൽകിയത്. സിപിഐഎമ്മിനെതിരെ താൻ എവിടെയും പരാതി ഉന്നയിച്ചിട്ടില്ലെന്ന് സ്ഥാപനമുടമ ഈപ്പൻ ജോർജ്ജും വ്യക്തമാക്കി