കർണാടകയിലെ സഖ്യ സർക്കാരിന് ആശ്വാസം. വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാതെ സഭ രണ്ടാം ദിവസവും പിരിഞ്ഞു. ഇന്ന് വോട്ടെടുപ്പ് നടത്തണം എന്ന ഗവർണറുടെ നിർദേശം രണ്ട് തവണയും തള്ളി.

അതേസമയം ജൂലൈ 17ലെ ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് കോൺഗ്രസും ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കുമാരസ്വാമിയും സുപ്രീംകോടതിയെ സമീപിച്ചു.

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച്ച വരെയെങ്കിലും നീട്ടാനുള്ള സർക്കാരിന്റെ തിരക്കഥയ്ക്കനുസരിച്ചായിരുന്നു ഇന്നും സഭാ നടപടികൾ.

ചർച്ച പൂർത്തിയാകാതെ വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്‍പീക്കർ ഉറച്ചു നിന്നതോടെ വോട്ടെടുപ്പ് ഇല്ലാതെ സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്ന് സ്‍പീക്കർ വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പിന് ഗവർണർ രണ്ട് തവണ സമയം നിര്ദേശിച്ചെങ്കിലും ഇത് രണ്ട് തവണയും പാലിക്കപ്പെട്ടില്ല.

ഉച്ചയ്ക്ക് 1.30നകം ഭൂരിപക്ഷം തെളിയിക്കണം എന്നായിരുന്നു ഗവർണറുടെ ആദ്യ നിർദേശം. എന്നാൽ ഇത് സർക്കാരും സ്‍പീക്കറും തള്ളി.

പിന്നീട് 6 മണി വരെ സമയം നീട്ടി നൽകി. പക്ഷെ അതും പാലിക്കപ്പെട്ടില്ല. സർക്കാർ വഴങ്ങുന്നില്ലെന്ന് വ്യക്തമായതോടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഗവർണർ ഇടക്കാല റിപ്പോർട്ട് നൽകി.

സുപ്രീംകോടതിയെ സമീപിച്ചായിരുന്നു കോണ്ഗ്രസിന്റെയും മുഖ്യമന്ത്രി കുമാരസ്വാമിയുടെയും മറുപടി. ജൂലൈ 17ലെ സുപ്രീംകോടതി ഉത്തരവ്

എംഎൽഎമാർക്ക് വിപ്പ് നൽകാനുള്ള രാഷ്ട്രീയ പാർട്ടികളുടെ അവകാശം ഹനിക്കുന്നതാണ്. അതിനാൽ ഉത്തരവിൽ വ്യക്തത വരുത്തണം എന്ന് പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കുമാരസ്വാമിയും ഹർജിയിൽ സമാന ആവശ്യം ഉന്നയിച്ചു. ഗവർണറുടെ നടപടികളെ കൂടി ചോദ്യം ചെയ്തുള്ളതാണ് കുമാരസ്വാമിയുടെ ഹർജി.

സഭാ നടപടികളിൽ ഇടപെടുന്നതിൽ നിന്ന് ഗവർണറെ വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജികൾ തിങ്കളാഴ്‌ച സുപ്രീംകോടതി പരിഗണിച്ചേക്കും.

വോട്ടെടുപ്പിൽ നിന്ന് ഇന്നും രക്ഷപ്പെട്ടതോടെ വിമതരെ മടക്കി കൊണ്ട് വരാൻ തിങ്കളാഴ്ച വരെ സമയം ലഭിച്ച ആശ്വാസത്തിലാണ് കോൺഗ്രസ് ജെഡിഎസ് നേതൃത്വം.