സംസ്ഥാനത്ത് മഴ ശക്തം; വിവിധ ഡാമുകള്‍ തുറന്നു; ആശങ്കയോടെ ജനങ്ങള്‍; മൂവാറ്റുപുഴയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് മഴ ശക്തം. മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ജല നിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും ഉള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. പെരുവണ്ണാമുഴി ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു

ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയിലും ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതേസമയം മഴക്കെടുതിയില്‍ വിവിധ ഭാഗങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. വിഴിഞ്ഞത്തും നീണ്ടകരയില്‍നിന്നും കടലില്‍ പോയ ഏഴുപേരെയും കോട്ടയത്ത് മീനച്ചിലാറ്റില്‍ ഒരാളെയും കാണാതായി.

ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. നേവിയും തീരദേശ സേനയും രംഗത്തുണ്ട്. ഇടുക്കിയടക്കമുള്ള ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടങ്ങി. ഇടുക്കിയില്‍ മൂന്നു ഡാം തുറന്നുവിട്ടു.

കൊല്ലം നീണ്ടകരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് കന്യാകുമാരി നീരോടി സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ ജോണ്‍ ബോസ്‌ക്കോ, ലൂര്‍ദ് രാജ്, സഹായരാജ് എന്നിവരെയാണ് കാണാതായത്.

രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ നീണ്ടകരയില്‍നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ ശക്തമായ തിരയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. കടലില്‍ വീണ രണ്ടുപേര്‍ കൊല്ലം കാക്കതോപ്പില്‍ പകല്‍ 2.30 ഓടെ നീന്തിക്കയറി.

ഏഴു മണിക്കൂറോളം നീന്തിയാണ് തീരത്തെത്തിയത്. രക്ഷപ്പെട്ട സ്റ്റാലിന്റെ സെലൈത്ത് മാത ബോട്ടാണ് മറിഞ്ഞത്. തകര്‍ന്ന ബോട്ട് നീണ്ടകര തീരത്ത് അടിഞ്ഞു.

വിഴിഞ്ഞത്ത് നിന്ന് ബുധനാഴ്ച മീന്‍പിടിക്കാന്‍ പോയ പല്ലുവിളകൊച്ചു പള്ളി പള്ളികെട്ടിയ പുരയിടത്തില്‍ യേശുദാസന്‍ (55), പുല്ലുവിള കൊച്ചുപള്ളി പുതിയതുറ പുരയിടത്തില്‍ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തില്‍ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തില്‍ ബെന്നി (33) എന്നിവരെയാണ് കാണാതായത്.

ഇവര്‍ക്ക് വേണ്ടി വിഴിഞ്ഞത്തെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയുടെ വലിയ കപ്പലും തെരച്ചില്‍ ശക്തമാക്കി. തെരച്ചിലിനായി രണ്ട് ഡോണിയര്‍ വിമാനങ്ങള്‍ ഇറക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.

കോട്ടയം മീനച്ചിലാറ്റില്‍ ഒഴുകിയെത്തിയ തടി പിടിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവര്‍ മനീഷിനെ കാണാതായി.കൊല്ലം അഞ്ചാലുംമൂട്ടില്‍ തെങ്ങ് വീണ് പനയംചോനന്‍ചിറ കുന്നിയില്‍ തൊടിയില്‍ ദിലീപ് (54) മരിച്ചു.

പത്തനംതിട്ടയില്‍ വള്ളംകുളം പരുത്തിക്കാട്ട് കോശി പി വര്‍ഗീസ്(53) മണിമലയാറ്റിലെ പരുത്തിക്കടവില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തലശേരി ചിറക്കര മോറക്കുന്നിലെ മുഹമ്മദ് ബദറുള്‍ അദ്‌നാന്‍ (16) കുളത്തില്‍ മുങ്ങി മരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഈരാറ്റുപേട്ട — വാഗമണ്‍ റൂട്ടില്‍ വാഴൂരില്‍ മരം കടപുഴകി വീണ് രണ്ടുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. മരം വീണും മണ്ണിടിഞ്ഞും മൂന്നു വീടുകളും തകര്‍ന്നു.

എറണാകുളത്തും മഴ കനത്തു. മലങ്കര ഡാമിന്റെ രണ്ട് ഷട്ടര്‍ ഉയര്‍ത്തി. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. മൂവാറ്റുപുഴയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

കോതമംഗലത്ത് കുട്ടമ്പുഴയാറ് കവിഞ്ഞതോടെ വെള്ളാരംകുത്ത് ആദിവാസിക്കുടി ഒറ്റപ്പെട്ടു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കണ്ണൂര്‍ താലൂക്കില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

മഴ കനക്കും

തിരുവനന്തപുരം

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ വരുംദിവസങ്ങളില്‍ മഴ കനക്കും. ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

23 വരെ മിക്ക ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാകേന്ദ്രം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്കും പൊലിസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ശനിയാഴ്ച കാസര്‍കോട്ടും ഞായറാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ തുറന്നു

ഇടുക്കി

ഇടുക്കിയില്‍ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.87 അടി ഉയര്‍ന്ന് 2304.4 അടിയിലെത്തി.
അണക്കെട്ടിന്റെ സംഭരണശേഷിയുടെ 13.1 ശതമാനമാണിത്. മുന്‍വര്‍ഷം ഇതേസമയം 2380.46 അടിയായിരുന്നു. പാംബ്ല അണക്കെട്ട് പ്രദേശത്ത് ശക്തമായ മഴ ലഭിച്ചു. 22.1 സെന്റീമീറ്റര്‍. കല്ലാര്‍കുട്ടി 18 സെ.മീ, പെരിങ്ങല്‍കുത്ത് 17.58 എന്നിങ്ങനെയും മഴ ലഭിച്ചു.

നീരൊഴുക്ക് കൂടുന്നു

തിരുവനന്തപുരം

മഴ കനത്തതോടെ സംസ്ഥാനത്ത് ഡാമുകളിലേക്കുള്ള നീരൊഴുക്കില്‍ നേരിയ വര്‍ധന. കെഎസ്ഇബിയുടെ ഡാമുകളില്‍ വെള്ളിയാഴ്ച 34 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമെത്തി. മുന്‍ വര്‍ഷം ഇത് 50 ദശലക്ഷം യൂണിറ്റിനുള്ളതായിരുന്നു. ഇടുക്കി, ശബരിഗിരി പദ്ധതി പ്രദേശത്ത് കനത്ത മഴയായതിനാല്‍ നീരൊഴുക്ക് കൂടും.

ഇടുക്കിയില്‍ 12 ഉം നേരിയമംഗലത്ത് 18 ഉം ശബരിഗിരിയില്‍ 14 ഉം സെന്റീമീറ്റര്‍ മഴ വെള്ളിയാഴ്ച ലഭിച്ചു. 532.93 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ഡാമുകളിലുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പീരുമേട്ടിലാണ്, 14.7 സെന്റിമീറ്റര്‍.

ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം

കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. വിവിധ വകുപ്പുകള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ക്കും വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണമെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News