തമിഴ്‌നാട് ശങ്കരൻ കോവിൽ സ്വദേശി ശെൽവകുമാറി(28)നെയാണ് വ്യാഴാഴ്ച രാത്രി 9 മണിയോടെ പുലമൺ തോട്ടിൽ ഇഞ്ചക്കാട് ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്ത് മർദ്ദനമേറ്റതിന്റെയും മറ്റും പാടുകളുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലിസ് അന്വേഷണം തുടങ്ങിയപ്പോൾ പ്രതി എന്ന് സംശയിക്കപ്പെട്ട തമിഴ്നാട് ശങ്കരൻ കോവിൽ പിള്ളമാർ കോവിൽ തെരുവ് സ്വദേശി ശിവകുമാർ 22 ശങ്കരൻ കോവിൽ പോലീസിൽ ഹാജരായ വിവരം കൊട്ടാരക്കര റൂറൽ എസ്.പി ക്ക് ലഭിച്ചു.

തുടർന്ന് കൊട്ടാരക്കര സിഐ ടി.ശിവപ്രകാശിന്‍റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ശങ്കരൻ കോവിലിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും.

മരിച്ച സെൽവകുമാറിന്റെ ബന്ധുവും പ്രതി ശിവകുമാറും അടുപ്പത്തിൽ ആരുന്നു. എന്നാൽ സെൽവകുമാർ ഇവരുടെ വിവാഹത്തെ എതിർത്തു. ആറു മാസം മുൻപ് നേഴ്‌സ് ആയ ആ യുവതിയുടെ വിവാഹം മറ്റൊരാളുമായി നടന്നു.

അതിനെ തുടർന്നുള്ള വിരോധം ആണ് കൊലപാതകത്തിൽ കലാശിച്ചത്. ഒന്നിച്ചു മദ്യപിച്ച ശേഷം ചുറ്റിക കൊണ്ട് നെഞ്ചിലും തലയിലും അടിച്ചാണ് കൊലപ്പെടുത്തിയത്. സുഹൃത്തായ മറ്റൊരു സെൽവനും ഇവർക്കൊപ്പം മദ്യപിക്കാൻ ഉണ്ടായിരുന്നു.

കൊലപാതകം ഇയാൾ കണ്ടില്ല. എന്നാൽ അവശനിലയിൽ സെൽവകുമാറിനെ കണ്ട ഇദ്ദേഹം ഉടനെ ആശുപത്രിയിൽ കൊണ്ട് പോകാൻ നിർദേശിച്ചു. ആശുപത്രിയിൽ കൊണ്ട് പോകാൻ എന്ന രീതിയിൽ പെട്ടി ഓട്ടോയിൽ സെൽവകുമാറിനെ കയറ്റി തോടിനു സമീപം എത്തിച്ചു വലിച്ചെറിയുക ആയിരുന്നു.

തുടർന്ന് പ്രതി തമിഴ് നാട്ടിലെത്തി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുമ്പോഴേ മരണകാരണം എന്തെന്ന കാര്യത്തിൽ പൂർണ്ണ വ്യക്തത കൈവരികയുള്ളു.

ശെൽവകുമാറിന്റെ ബന്ധുക്കളെ കണ്ടെത്താനും വിവരമറിയിക്കാനും കഴിയാഞ്ഞതിന്റെ പേരിലാണ് ഇന്നലെ പോസ്റ്റുമോർട്ടം നടത്താഞ്ഞത്. ഇന്ന് ബന്ധുക്കൾ എത്തുമെന്നാണ് ലഭ്യമായ വിവരം. നെടുവത്തൂരിൽ ആക്രികച്ചവടം നടത്തുകയായിരുന്നു ശെൽവകുമാർ.