വിസിയുടെ വീടെന്ന് കരുതി എബിവിപിക്കാര്‍ ഉപരോധിച്ചത് ഭാര്യ പിതാവിന്റെ വീട്; അമളി പിണഞ്ഞെന്ന് മനസിലാകാതെ 15 മിനിറ്റോളം മുദ്രാവാക്യം വിളി; വിസി ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നത് അതിലേറെ രസകരം

തിരുവനന്തപുരം: കെഎസ്‌യുവിന് പിന്നാലെ അമളി പിണഞ്ഞ് എബിവിപിയും. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീടെന്ന് കരുതി എബിവിപിക്കാര്‍ ഉപരോധിച്ചത് ഭാര്യ പിതാവിന്റെ വീട്. അമളി പിണഞ്ഞെന്ന് മനസിലാക്കാതെ 15 മിനിറ്റ് വീടിന്റെ വരാന്തയില്‍ കുത്തിയിരുന്ന മുദ്രാവാക്യം വിളിച്ച നാല് എബിവിപി പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി.

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീട് ഉപരോധിക്കാനാണ് രാവിലെ 7 മണിയോടെ എബിവിപിയുടെ നാല് സംസ്ഥാന നേതാക്കള്‍ കൊച്ചുളളൂരിലെ അര്‍ച്ചന നഗറിലെത്തിയത്. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ ആദ്യം കണ്ട വീടിന്റെ ഗേറ്റ് തളളിതുറന്ന് അകത്ത് കയറി വരാന്തയിലിരുന്ന് മുദ്രാവാക്യം വിളി തുടങ്ങി. എന്നാല്‍ എബിവിപികാര്‍ ഉപരോധിച്ചതാവട്ടെ കേരളാ വിസി മഹാദേവന്‍ പിളളയുടെ ഭാര്യ പിതാവും ലയോള കോളേജിലെ മുന്‍ അധ്യാപകനുമായ ടിഎസ്എന്‍ പിളളയുടെ വീട്.

കേരളാ വൈസ് ചാന്‍സിലര്‍ മഹാദേവന്‍പിളള താമസിക്കുന്നത് അതിന് പുറകിലത്തെ വീട്ടിലാണെന്ന് അറിയാതെയായിരുന്നു വീട് മാറി കയറിയുളള എബിവിപിയുടെ ഉപരോധം. പ്രൊഫസര്‍ മഹാദേവന്‍ പിളളയുടെ ഭാര്യ മാതാവ് മാത്രമാണ് ഉപരോധം നടക്കുമ്പോള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്. ബഹളം കേട്ട് വൃദ്ധയായ ഭാര്യ മാതാവ് ഭയപ്പെട്ട് ഇരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് എസ്‌ഐ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നാല് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.

എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വിഷ്ണു, സംസ്ഥാന സമിതി അംഗങ്ങളായ എം.മനോജ്, സ്റ്റീഫന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. എബിവിപിക്കാര്‍ ബഹളം വെയ്ക്കുമ്പോഴും തൊട്ടടുത്തെ വീട്ടില്‍ ഉണ്ടായിരുന്ന വൈസ് ചാന്‍സിലര്‍ ഇതോന്നും അറിഞ്ഞിരുന്നില്ലെന്നതാണ് അതിലേറെ രസകരം.

മുന്‍പ് കണ്‍ടോണ്‍മെന്റ് എസ്‌ഐയെ സ്ഥലംമാറ്റിയെന്ന് ആരോപിച്ച് കെഎസ്‌യുക്കാര്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ ഉപരോധത്തെ അതേ എസ്‌ഐ തന്നെ ലാത്തിചാര്‍ജ് ചെയ്തത് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വീട് മാറി കയറിയുളള എബിവിപിയുടെ ഉപരോധം ചിരി പടര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel