മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. തങ്ങളുടെ ഏറ്റവും അഭിമാനാര്‍ഹമായ നേട്ടങ്ങളിലൊന്നായി അമേരിക്ക എക്കാലത്തും ഉയര്‍ത്തിക്കാണിക്കുന്നതാണ് അപ്പോളോ ചാന്ദ്ര ദൗത്യം. എന്നാല്‍ അമേരിക്ക മാത്രമല്ല മറ്റു ലോകരാജ്യങ്ങളും ഈ ദൗത്യത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ ലഭിച്ചതും കണ്ടതും ഓസ്ട്രേലിയയിലായിരുന്നു.

ഓസ്ട്രേലിയയിലെ കാന്‍ബെറക്ക് സമീപത്തുണ്ടായിരുന്ന ഹണിസക്കിള്‍ ക്രീക്ക് ട്രാക്കിങ് സ്റ്റേഷനിലായിരുന്നു മനുഷ്യന്റെ ചരിത്രപരമായ ആ കാല്‍വെപ്പിന്റെ ദൃശ്യങ്ങള്‍ ആദ്യമെത്തിയത്. അപ്പോളോ ദൗത്യത്തിനായി പ്രത്യേകം സജ്ജീകരിച്ച ആ ട്രാക്കിങ് സ്റ്റേഷന്‍ ഇപ്പോള്‍ നിലവിലില്ല. ചന്ദ്രനിലേക്കുള്ള യാത്രക്കിടെ യാത്രികരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് അതിവേഗത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനും അന്ന് ഭൂമിയില്‍ മൂന്നിടത്ത് ട്രാക്കിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.