ചാന്ദ്രദിനത്തില്‍ അമ്പിളി പാട്ടിന്റെ ഉടമ പറയുന്നു, ആ പാട്ട് എല്ലാവരുടേതുമാണെന്ന്

അമ്പിളിമാമനെക്കുറിച്ച് ഒരു പാട് പാട്ടുകളുണ്ട്.അവയില്‍ ഏറ്റവും ആകര്‍ഷകവും ജനകീയവുമായ പാട്ട് ‘അമ്പിളിയോട്’ എന്ന തലക്കെട്ടോടെ എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളേയും സയന്‍സ് ക്‌ളബ്ബുകളേയും വായനശാലകളിലെ സായാഹ്ന കൂട്ടായ്മകളേയും അറിവിന്റെ ആവേശത്തിരകളില്‍ ആറാടിച്ചിരുന്ന അമ്പിളിപാട്ടാണ്.

ലളിതമായ വാക്കുകളില്‍ കുട്ടികളില്‍ ശാസ്ത്രാവബോധം ഉണ്ടാക്കുന്നു എന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത.


ഈ പാട്ട് എഴുതിയത് ബാലസംഘം സംസ്ഥന കണ്‍വീനറും പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റെുമായ ടി കെ നാരായണദാസാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും വിദ്യാര്‍ത്ഥികളും അല്ലാതെ അധികമാര്‍ക്കും ഇക്കാര്യം അറിയില്ല. മൂന്ന് പതിറ്റാണ്ട് മുമ്പ് യൂറീക്കയില്‍ പ്രസിദ്ധീകരിച്ച പാട്ടിന്റെ പിന്നിലെ കഥ ടി കെ നാരായണദാസ്ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ വിവരിക്കുന്നു.

‘ഇങ്ങിനെ ഒരു പാട്ടുണ്ടായിരുന്നു. ഇത് ഞാനെഴുതിയ പാട്ടായിരുന്നു. സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന കാലത്ത് സയന്‍സ് ക്ലബ്ബിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോള്‍ ജൂലായ് 21 ആചരിക്കാന്‍
വേണ്ടി എഴുതിയത്. അന്നത് യുറീക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.  ഏതാണ്ട് 80 കളുടെ തുടക്കത്തില്‍. ഞാങ്ങാട്ടിരി യു.പി.സ്‌കൂളിലെ  സയന്‍സ് ക്ലബ്ബ് പത്തു മുപ്പത വര്‍ഷം ജുലായ് 21. ചാന്ദ്രദിനം കൊണ്ടാടിയത് ഈ പാട്ടോടുകൂടിയാണ്. പിന്നീടത് പല  പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു .

അക്ഷരമുറ്റത്തിലുള്‍പ്പെടെ. പേരില്ലാതെ. എന്നാല്‍ ഇരപ്പാള്‍ ഏതോ ചില കുട്ടികള്‍ ഇതവരുടെ
പാട്ടാണെന്ന് അവകാശവാദമുന്നയിക്കുന്നതായി അറിഞ്ഞു. നന്നായി.സന്തോഷമേയുള്ളു. അത്രയും അവര്‍ ഈ പാട്ട് ഇഷ്ടപ്പെട്ടല്ലോ.  പക്ഷെ, അവര്‍ ജനിക്കുന്നതിനു മുമ്പ് ഈ പാട്ട് നൂറുകണക്കിനു
കുട്ടികള്‍ പാടി നടന്നതാണ്. യുറീക്കയില്‍ വന്നതാണ്. പല  തവണ പല പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ് എന്ന് ഓര്‍മപ്പെടുത്തട്ടെ.

ഒന്നും ഒറ്റക്കൊരാളുടെ സ്വന്തമല്ല. എന്ന് കരുതുന്ന ഒരാളാണ് ഞാന്‍.  ഈ പാട്ട് ഉണ്ടായിക്കഴിഞ്ഞു. ഇനി അത് എല്ലാവരുടേതുമാണ്.അത്ര കാവ്യ ഗുണമൊന്നുമില്ലാത്ത ഒരു പാട്ടാണ്. ഒരധ്യാപകന്‍  കുട്ടികളിലേക്ക് പകരാന്‍ ഉദ്ദേശിച്ച ആശയങ്ങള്‍ കുത്തിനിറച്ച ഒരു പദ്യം.  പക്ഷെ, എനിക്കടക്കം ആര്‍ക്കും എളുപ്പത്തില്‍ പാടാം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here