സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉണ്ടാകും: തോമസ് ഐസക്

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉണ്ടാകും. സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെയെല്ലാം കെട്ടിടങ്ങള്‍ നവീകരിക്കുമ്പോള്‍ സ്വകാര്യവിദ്യാലയങ്ങള്‍ പലതും പഴയപടിയില്‍ നില്‍ക്കുന്നത് ആശാസ്യമല്ല. പക്ഷേ, മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കില്ല. പകുതി ചെലവ് മാനേജ്‌മെന്റ് വഹിക്കണം. ഇതാണ് Challenge Fund Scheme.

ഈ സ്‌കീമില്‍ ആദ്യമായി പണി പൂര്‍ത്തിയായ ആലപ്പുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടന്നു. ഒരു കോടിയില്‍പ്പരം ചെലവു വന്നു. പകുതിയായപ്പോഴേയ്ക്കും സാമ്പത്തിക പ്രതിസന്ധിമൂലം നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു. അപ്പോഴാണ് ബഡ്ജറ്റില്‍ പുതിയ സ്‌കീം പ്രഖ്യാപിക്കപ്പെട്ടത്. ശേഷമുള്ള പ്രവൃത്തികള്‍ക്ക് മുനിസിപ്പല്‍ എന്‍ജിനീയറെക്കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിച്ച് എഇഒയ്ക്ക് സമര്‍പ്പിച്ച് ഭരണാനുമതി നേടി.

സാങ്കേതികാനുമതി ലഭിച്ചതോടെ മാനേജ്‌മെന്റ് വിഹിതം ട്രഷറിയില്‍ അടച്ച് പണി തുടര്‍ന്നു. പക്ഷേ, പണി തീര്‍ന്നിട്ടും സര്‍ക്കാര്‍ വിഹിതം 20 ലക്ഷം രൂപ ലഭിക്കുന്നതിന് രണ്ടുമാസം കാലതാമസം ഉണ്ടായി. മാനേജ്‌മെന്റ് ആകെ വലഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതിനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു വരുത്തുന്നതിന് സ്‌കീമിന്റെ ചട്ടങ്ങള്‍ ലളിതവല്‍ക്കരിക്കുകയാണ്.

തദ്ദേശഭരണ സ്ഥാപനത്തിലെ എന്‍ജിനീയറെക്കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിക്കഴിഞ്ഞാല്‍ ട്രഷറിയില്‍ പണമിട്ട് വലയേണ്ട ആവശ്യമില്ല. മാനേജ്‌മെന്റിന്റെ പണി ആരംഭിക്കാം. നിര്‍മാണത്തിന്റെ മൂന്നു ഘട്ടങ്ങളിലായി തീരുന്ന മുറയ്ക്ക് സര്‍ക്കാര്‍ എന്‍ജിനീയറുടെ അംഗീകാരത്തോടെ ബില്ല് സമര്‍പ്പിച്ചാല്‍ ചെലവിന്റെ പാതി ട്രഷറിയില്‍നിന്ന് അനുവദിക്കും.

ഈ ലളിതമായ നടപടിക്രമം വിദ്യാഭ്യാസവകുപ്പ് ഉത്തരവായി പുറപ്പെടുവിക്കും. നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം നിര്‍മാണം നടത്തുന്നതിനുള്ള ബുദ്ധിമുട്ട് ഞാന്‍ തന്നെ പറഞ്ഞതുകൊണ്ട് മുന്‍ ഹെഡ്മിസ്ട്രസ് സിജി സിസ്റ്ററിന് അധികമൊന്നും വിശദീകരിക്കേണ്ടി വന്നില്ല. കുരുക്കുകളഴിക്കാന്‍ ഇവര്‍ ആറു തവണയെങ്കിലും പിടിഎയുമൊത്ത് എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഫോര്‍ട്ടു കൊച്ചിയില്‍ ഹെഡ്മിസ്ട്രസ് ആണ്. സ്ഥലംമാറ്റത്തിനു മുമ്പേ ഉദ്ഘാടനം നടത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ പണം അതിനനുവദിക്കാന്‍ വൈകിയതുകൊണ്ട് ഉദ്ഘാടനം മാറ്റിവെയ്‌ക്കേണ്ടി വന്നു.

കനോഷന്‍ കോണ്‍ഗ്രിഗേഷന്റെ മുന്‍ പ്രൊവിന്‍ഷ്യാല്‍ മാര്‍ഗരറ്റ് പീറ്റര്‍ ആയിരുന്നു അധ്യക്ഷ. സ്‌കൂളിന്റെ ചരിത്രമെല്ലാം പറഞ്ഞുകൊണ്ട് ഇന്ന് രാജ്യത്ത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പുതിയ വിദ്യാഭ്യാസനയത്തിന്റെ അപകടങ്ങളിലേയ്ക്ക് അവര്‍ ശ്രദ്ധ ക്ഷണിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിനെതിരായി വളരെ വിശാലമായ ഒരു കൂട്ടായ്മ കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിക്കാനാകും.

ആലപ്പുഴ പട്ടണത്തില്‍ ഇതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുടേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടേയും വിശദമായ ഒരു സെമിനാര്‍ സംഘടിപ്പിക്കണമെന്ന എന്റെ നിര്‍ദേശം മുന്‍സിപ്പല്‍ ചെയര്‍മാനടക്കം എല്ലാവരും സ്വീകരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here